കണ്ണൂർ: സബ്സിഡി നിരക്കിൽ കാർഷികോപകരണങ്ങൾ പോലും വിതരണം ചെയ്യാൻ പറ്റാതെ പ്രതിസന്ധിയിലിരിക്കുന്ന കൃഷിവകുപ്പിൽ ഉദ്യോഗസ്ഥ അനാസ്ഥയിൽ ലക്ഷങ്ങളുടെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്ത സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെ ബസാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. 2009 ആഗസ്റ്റ് 26ന് കണ്ണൂരിൽ രജിസ്റ്രർ ചെയ്ത വാഹനം മോട്ടോർ വാഹന വകുപ്പ് കൈകാണിച്ചതോടെ 2018 ഫെബ്രുവരി 15 മുതൽ പുറത്തിറക്കാൻ പറ്റാതാവുകയായിരുന്നുവെന്നാണ് പറയുന്നത്. ടാക്സ് ഒടുക്കേണ്ട കാലാവധി 2019 ഡിസംബർ 31ന് അവസാനിച്ചു. ഇതിനും എത്രയോ മുൻപ് തന്നെ വാഹനം ഉപേക്ഷിച്ചെന്നതാണ് യാഥാർത്ഥ്യം.
സ്വകാര്യ വ്യക്തികളൊക്കെ ഇരുപത് വർഷത്തിലേറെ ഉപയോഗിക്കുന്ന അശോക് ലൈലാൻഡിന്റെ വാഹനമാണ് പത്ത് വർഷം പോലും ഉപയോഗിക്കാതെ നശിപ്പിക്കുന്നത്. അറ്റകുറ്റപ്പണിയ്‌ക്ക് നാല് ലക്ഷം രൂപയെങ്കിലും വേണ്ടതിനാൽ കണ്ടം ചെയ്യാനുള്ള അനുമതിയ്‌ക്കായി കാത്തിരിക്കുകയാണ് അധികൃതർ. ജില്ലാ പഞ്ചായത്താണ് ഈ വാഹനം വാങ്ങി കൃഷിവകുപ്പിന് നൽകിയത്.
മണ്ണിലെ സൂക്ഷ്മ മൂലകങ്ങളടക്കം പരിശോധിച്ച് കർഷകർക്ക് ആശ്വാസമേകാനാണ് സഞ്ചരിക്കുന്ന ലാബ് തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബുകൾ പത്തനംതിട്ട, കാസർകോട് ജില്ലകളിൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. വയനാട്, ഇടുക്കി ജില്ലകളിലാകട്ടെ മണ്ണ് പരിശോധനാ ലാബുകളിൽ തസ്തിക അനുവദിക്കാത്തതിനാൽ പ്രവർത്തനം നിലച്ചു. ഇത്തരം സൗകര്യങ്ങൾ നശിപ്പിക്കുന്നത് കർഷകരോട് കാട്ടുന്ന അനീതിയാണ്.
പുതിയ വാഹനം വാങ്ങിത്തരണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ പഞ്ചായത്തിനോട് അഭ്യർത്ഥിച്ചതായാണ് വിവരം. കർഷകരുടെ പ്രതിസന്ധി പരിഗണിച്ച് ഇക്കാര്യത്തിൽ അടുത്ത പദ്ധതിയിൽ അനുകൂല നിലപാട് സ്വീകരിക്കാനാണ് സാദ്ധ്യത. അതേസമയം ഈ വാഹനം കണ്ടം ചെയ്യാനുള്ള അനുമതിക്കായി കാത്തുകിടക്കുന്നു. മികച്ച വാഹനം അശ്രദ്ധമായി ഉപയോഗിച്ചാണ് നശിപ്പിച്ചതെന്നാണ് ആരോപണം.
സിവിൽ സ്റ്റേഷൻ വളപ്പിൽ തന്നെ മറ്റ് വകുപ്പുകളുടെ നിരവധി വാഹനങ്ങളും തുരുമ്പെടുത്ത് നശിക്കുന്നുണ്ട്. നികുതി വകുപ്പ് ഇന്റലിജൻസിന്റെ മഹീന്ദ്ര ബൊലേറോ 2007 ൽ നിരത്തിലിറങ്ങിയതാണ്. നിലവിൽ ഈ വാഹനത്തിന് രണ്ട് വർഷം കൂടി റോഡിലിറങ്ങാൻ അനുമതിയുണ്ട്. എന്നാൽ നിസാര അറ്റകുറ്റപ്പണിയുടെ പേരിൽ എസ്.പി ഓഫീസിന് തൊട്ടു മുന്നിൽ കിടന്നാണ് ഇത് തുരുമ്പെടുത്ത് തീരുന്നത്. കൃഷി വകുപ്പിന്റെ തന്നെ പഴഞ്ചൻ ലോറിയും കണ്ടംചെയ്യാതെ പറമ്പ് മലിനമാക്കി നിറഞ്ഞ് നിൽക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ രണ്ട് വാഹനങ്ങളും സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്കൂട്ടറും ഇതിൽ ഉൾപ്പെടും.