വളപട്ടണം: തൊണ്ടി വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട ക്വാർട്ടേഴ്സുമടക്കം അനാകർഷകമായ കാഴ്ചയാണിന്ന് വളപട്ടണം പൊലീസ് സ്റ്റേഷൻ.മണൽ,മദ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് പിടികൂടിയ 248 വാഹനങ്ങൾ സ്റ്റേഷൻ വളപ്പിലും മുന്നിലെ റോഡിലുമായി കൂട്ടിയിട്ടും അട്ടിയിട്ടും സൂക്ഷിച്ചിരിക്കുകയാണിവിടെ. സി.ഐ ഓഫീസിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ ക്വാർട്ടേഴ്സ് കൂടിയാകുമ്പോൾ വൃത്തിഹീനമായ കാഴ്ച പൂർത്തിയാകുന്നു.

മൂന്ന് വ‌ർഷം മുൻപ് വരെ എ.എസ്.ഐമാർ താമസിച്ചിരുന്നവയാണ് ഈ ക്വാർട്ടേഴ്സുകൾ. മഴയിൽ ചോർച്ച രൂക്ഷമായതിനാൽ ഇവരെല്ലാം വീടുകളിലേക്ക് മാറിയിരുന്നു. പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഒന്നരയേക്കർ സ്ഥലമാണ് വളപട്ടണം പൊലീസ് സ്റ്റേഷനുള്ളത്. ആവശ്യത്തിന് കെട്ടിടങ്ങളുമുണ്ട്. സ്ഥലം വൃത്തിയാക്കി പൂന്തോട്ടമോ ഇരിക്കാനുള്ള സൗകര്യമോ ഒരുക്കിയാൽ സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വലിയതോതിൽ ആശ്വാസമാകും.

പിടിച്ചെടുത്ത വാഹനങ്ങളിൽ പലതും ചക്കരക്കല്ലിലെയും കുറുമാത്തൂരിലെയും യാർഡുകളിലേക്ക് മാറ്റിയിരുന്നു. 2010 മുതൽ പിടികൂടിയ വാഹനങ്ങളാണ് ഇപ്പോൾ സ്റ്റേഷന് മുന്നിലുള്ളത്.