കണ്ണൂർ : കോർപ്പറേഷന്റെ മാലിന്യ നിക്ഷേപ കേന്ദ്രമായ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പിടിച്ച തീ അഞ്ച് ദിവസത്തിലു്ം പൂർണ്ണമായും നിയന്ത്രണ വിധേയമായില്ല.ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലെ ആറ് ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ യൂണിറ്റുകൾ കഠിന ശ്രമം തുടരുകയാണ്.
33 ഫയർ ജീവനക്കാരാണ് ഇവിടെ കഠിനപ്രയത്നത്തിലേർപ്പെട്ടിരിക്കുന്നത്. കണ്ണൂർ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റും മട്ടന്നൂർ, കൂത്തുപറമ്പ് ,തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നായി ഓരോ യൂണിറ്റു വീതവും കണ്ണൂർ ഫയർ ആൻഡ് റെസ്‌ക്യം സ്റ്റേഷൻ ഓഫീസർ .കെ.വി ലക്ഷ്മണൻ, മട്ടന്നൂർ അസി. സ്റ്റേഷൻ ഓഫീസർ കെ. പുരുഷോത്തമൻ സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ എ. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും രാവിലെ 9 മണി മുതൽ തീ കെടുത്താൻ ശ്രമം നടത്തി വരികയാണ്. 26 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ പരിസരത്തുള്ളവർ വിഷപുക ശ്വസിച്ച് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.