കണ്ണൂർ: കൊറോണ സ്ഥിരീകരിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുള്ള പെരിങ്ങോം സ്വദേശിയായ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ഇയാൾ പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി. സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പും പുറത്തിറക്കി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഡി.എം.ഒയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു.

ജില്ലയിൽ 12 പേർ നിരീക്ഷണത്തിലാണ്. കണ്ണൂർ മെഡിക്കൽ കോളേജിൽ 19 പേരും ജില്ലാ ആശുപത്രിയിൽ നാല് പേരും ഐസൊലേഷനിൽ കഴിയുന്നു. ഇതിൽ കൊറാണ 19 സ്ഥിരീകരിച്ച യുവാവിന്റെ ഭാര്യയും മകനും അമ്മയുമുണ്ട്.

മാർച്ച് 5ന് സ്‌പൈസ് ജെറ്റിൽ കരിപ്പൂരിൽ ഇറങ്ങി നാട്ടിലെത്തിയ ഇയാൾ 7 മുതൽ 10 വരെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു. ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വീട്ടിലേക്കുള്ള യാത്ര ഇങ്ങനെ

അഞ്ചിന് രാത്രി 10ന് ഭാര്യ, അമ്മാവൻ, മകൻ എന്നിവർക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് പെരിങ്ങോത്തുള്ള ടാക്സിയിൽ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലെ ഹോട്ടലിൽ എല്ലാവരും ഭക്ഷണം കഴിച്ചു. പിറ്റേന്ന് പുലർച്ചെ 3.30ന് വീട്ടിലെത്തി. അന്ന് ഉച്ചയോടെ അസ്വസ്ഥത തോന്നിയതിനാൽ നാട്ടിലെ ഡോക്ടറെ കാണിച്ചു. ചികിത്സയ്ക്കിടെ തലകറങ്ങി വീണതിനെ തുടർന്നാണ് കാറിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിക്കുന്നത്.