കണ്ണപുരം: അശരണർക്കും അനാഥർക്കും അഭയം നൽകുന്ന പിലാത്തറ ഹോപ്പ് ഇന്നലെ സന്തോഷകരമായ ഒരു കൂടിച്ചേരലിന്റെ സന്തോഷത്തിലായിരുന്നു. കണ്ണപുരം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കർണാടക ബാഗൽകോട്ട സ്വദേശിനി ദുർഗയെയും മകൾ അഷിതയേയും കുടുംബത്തോടൊപ്പം അയക്കുന്നതായിരുന്നു ചടങ്ങ്. എന്നാൽ ഹോപ്പിൽ ദുർഗയുടെ മകൾ അഷിത നന്മയെന്ന തന്റെ കുഞ്ഞുകൂട്ടുകാരിയെ പിരിഞ്ഞുപോയ ദൃശ്യം സന്തോഷത്തിനിടയിലും കണ്ണുനനയിക്കുന്ന അനുഭവവുമായി.
കണ്ണപുരം റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് അലഞ്ഞുതിരിഞ്ഞ അമ്മയേയും കുഞ്ഞിനേയും പരിസരവാസികൾ അറിയിച്ചതു പ്രകാരം കണ്ണൂർ ചൈൽഡ് ലൈൻ പ്രവർത്തകരെത്തിയാണ് കണ്ണപുരം പൊലീസിന്റെ സഹായത്തോടെ കഴിഞ്ഞ ജനുവരി 31ന് പിലാത്തറ ഹോപ്പിൽ എത്തിച്ചത്. കന്നഡയും തെലുങ്കും മറാത്തിയും കലർന്ന സങ്കര ഭാഷ മാത്രം സംസാരിച്ചിരുന്ന ദുർഗക്ക് ഓർമ്മകൾ തിരിച്ചു കിട്ടിയതിന് പിന്നാലെ ഹോപ്പിലെ കൗൺസിലിംഗ് സഹായിയായ രാജശ്രീ വഴി പൊലീസ് ഇടപെടലിൽ ഭർത്താവ് മഹാരാഷ്ട്ര സാംഗ്ലിയിലുള്ള അനിൽ ദിലീപ് മുൽക്കെയുമായി ബന്ധപ്പെട്ടത്. മനോവിഭ്രാന്തിയിൽ കുഞ്ഞുമായി നാടുവിട്ട ദുർഗ്ഗയെ കണ്ടെത്താനാവാതെ കഴിഞ്ഞിരുന്ന അനിൽ ഇന്നലെ വെളുപ്പിന് രേഖകളുമായി അനുജനോടൊപ്പം ഹോപ്പിലെത്തി ദുർഗ്ഗയെയും കുഞ്ഞിനേയും മടക്കി കൊണ്ടുപോകാൻ എത്തുകയായിരുന്നു. തുടർന്ന് എ.എസ്.ഐ. മധുസൂദനൻ, ജനമൈത്രി ഓഫീസർ എസ്.ഐ. സിദ്ധിഖ്, എ.എസ്.ഐ. നികേഷ്, എ.എസ്.ഐ. മനീഷ്, സി.പി.ഒ. ഷാജു, ചൈൽഡ് ലൈൻ പ്രവർത്തകരായ അമൃത, നിത്യ, ഹോപ്പ് സെന്റർ അദ്ധ്യക്ഷൻ ഇ. കുഞ്ഞിരാമൻ, സെക്രട്ടറി എം.കെ.എസ്. നമ്പ്യാർ, പ്രൊഫ. പി.വി. ജോർജ്, രാജശ്രീ , ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹൻ, എന്നിവർ ചേർന്ന് ദുർഗ്ഗയെയും കുഞ്ഞിനേയും ഭർത്താവ് അനിലിന് കൈമാറി. ഹോപ്പ് കുടുംബവുമായി ചേർന്ന് ഇവർക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകി. അവിചാരിതമായി വേർപിരിഞ്ഞു പോയ കുടുംബത്തിന്റെ പുനഃസമാഗമം തികച്ചും വികാരനിർഭരമായിരുന്നു. ഭാര്യക്കും കുഞ്ഞിനും സുരക്ഷിത താവളം ഒരുക്കി സംരക്ഷണവും ചികിത്സയും നൽകിയതിന് അനിൽ നന്ദി അറിയിച്ചു.
ഹോപ്പിൽ ചിലവഴിച്ച ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഷിതയുടെ കൂട്ടുകാരിയായിരുന്നു നന്മയെന്ന് വിളിക്കുന്ന സമപ്രായക്കാരി. അഷിത മടങ്ങുമ്പോൾ ഇനി നന്മ തനിച്ചാണ്. പിരിഞ്ഞ് ഏറെ അകലങ്ങളിലേക്ക് കൂട്ടുകാരി പോകുന്നുവെന്നറിയാതെ അഷിതയുടെ സമീപത്ത് തന്നെ നന്മയുണ്ടായിരുന്നു.