കണ്ണൂർ: ജില്ലയിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ടി വി സുഭാഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15 പേർ നിരീക്ഷണത്തിലാണെന്നും ഇവരിലൊന്നും രോഗ ലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്നും അതിനാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ മുഴുവനാളുകളെയും പെട്ടെന്നുതന്നെ കണ്ടെത്താനായി എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു
ദുബൈയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയതുമുതൽ ഇദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളുടെ റോഡ്മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാമധ്യേ ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കാനിടയുള്ളവരുടെ പട്ടിക തയ്യാറാക്കി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രത്യേകം രൂപീകരിച്ച ഏഴ് കോർ കമ്മിറ്റികളാണ് നേതൃത്വം നൽകുന്നത്. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരിൽ വരുംദിനങ്ങളിൽ നാട്ടിലെത്തുന്നവരെ വിമാനത്താവളത്തിൽ നിന്നുതന്നെ ആരോഗ്യവകുപ്പ് സംഘം പരിശോധനയ്ക്ക് വിധേയമാക്കി നടപടികൾ സ്വീകരിക്കും.
അടിയന്തര സാഹചര്യങ്ങളിൽ വൈറസ് ബാധ സംശയിക്കുന്നവരെ സാമ്പിൾ പരിശോധന ഉൾപ്പെടെയുള്ളവയ്ക്ക് വിധേയമാക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് മെഡിക്കൽ ബോർഡുകൾക്ക് ജില്ലയിൽ രൂപം നൽകിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് മെഡിക്കൽ ബോർഡ് പ്രവർത്തിക്കുന്നത്
കളക്ടറേറ്റ് സഹായകേന്ദ്രം . 04972 700225, 04972 700645
ഹോം ഐസൊലേഷന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സൗകര്യമൊരുക്കണം
ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി പെരിങ്ങോം വയക്കര പഞ്ചായത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് ബോധവത്ക്കരണ നടപടികൾ ആരംഭിച്ചു.
ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സബ് കളക്ടർ എസ് ഇലാക്യ, എഡിഎം ഇ. പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടർ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ നാരായണ നായ്ക്, ഡിപിഎം ഡോ. കെ .വി ലതീഷ്, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ സർവെയ്‌ലൻസ് ഓഫീസറുമായ ഡോ. കെ എം ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.
രോഗ നിരീക്ഷണം ഇനി മുതൽ കാറ്റഗറി തിരിച്ച് മാത്രം
കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നു. അതനുസരിച്ച് തിരികെ വരുന്നവരെ എ,ബി,സി എന്നിങ്ങനെ മൂന്ന് കാറ്റഗറികൾ ആക്കി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തും. ഇവർ സ്വന്തം വീടുകളിൽ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.
കടുത്ത പനി, തൊണ്ടവേദന ഉളളവരെയും, ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗർഭിണികൾ, 60 വയസ്സിനു മേൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങൾ എന്നിവ ഉളളവരേയും കാറ്റഗറി ബി യിൽ ഉൾപ്പെടുത്തും. ഇവർ ദിശയുമായോ, കൺട്രോൾ റൂമുമായോ ബന്ധപ്പട്ട് അവിടെ നിന്നും നിർദേശിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടണം. കാറ്റഗറി എയിൽ പെട്ടവർക്ക് അസുഖങ്ങൾ കൂടിയാൽ കാറ്റഗറി ബി ആയി പരിഗണിച്ച് ചികിത്സ നൽകും. കടുത്ത പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ശ്വാസം മുട്ട്, മറ്റു ഗുരുതര രോഗ ലക്ഷണങ്ങൾ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യിൽ ഉൾപ്പെടുത്തി ഹോസ്പിറ്റൽ ഐസോലേഷൻ മുറിയിൽ ചികിത്സ ലഭ്യമാക്കും.
റെയിൽവേ സ്റ്റേഷനുകളിൽ വരുന്ന യാത്രികരെ ബോധവൽക്കരിക്കുന്നതിന് എറണാകുളം നോർത്ത്, സൗത്ത്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ തുടങ്ങി. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് കുടുംബശ്രീ പ്രവർത്തകർ വഴി ഭക്ഷണം എത്തിക്കാനുള്ള നിർദ്ദേശങ്ങളും നൽകി. ഇന്നലെ ഇറ്റലിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ എത്തിയ യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിനായി നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.
വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം
കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ യോഗം ചേരും. എം എൽ എ മാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, ജില്ലാ പൊലീസ് മേധാവി, കണ്ണൂർ റെയിൽവെ സ്റ്റേഷൻ മാനേജർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും..