കണ്ണൂർ: കൊറോണ ഭീതയിൽ യാത്രക്കാർ കുറഞ്ഞു തുടങ്ങിയതോടെ
കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള അന്തർസംസ്ഥാന, അന്തർജില്ലാ, ജില്ലാ സർവീസുകൾ ഇന്നലെ മുതൽ നിറുത്തി. ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള അന്തർസംസ്ഥാന ബസുകളും കോഴിക്കോട് സെക്ടറിലേക്കുള്ള ചില ബസുകളുമാണ് നിറുത്തിയത്. ഇന്നലെ രാത്രി ഏഴിനും 8.15നും കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള രണ്ട് ബസുകൾ നിറുത്തി. കണ്ണൂരിൽനിന്ന് രാത്രി എട്ടിന് കോയമ്പത്തൂരിലേക്ക് പോകുന്ന ബസും നിറുത്തി. രാവിലെ 6.15നും 6.45നും കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള രണ്ട് ബസുകളും 6.30ന് പുറപ്പെടുന്ന തൃശൂർ ബസും റദ്ദാക്കി. പുലർച്ചെ 4.45നുള്ള കണ്ണൂർ വിമാനത്താവള ബസും ഓടില്ല. ജനറൽ സർവീസിൽപ്പെട്ട രാവിലെ 6.20ന് പുറപ്പെടുന്ന കണ്ണൂർ –മണക്കടവ്, 6.55നുള്ള ഇരിട്ടി– കാലാങ്കി, 7.15ന്റെ കണ്ണൂർ– മേലൂർ–തലശേരി ബസുകളും നിറുത്തി.
വെള്ളിയാഴ്ചയും അഞ്ച് സർവീസുകൾ നിറുത്തിയിരുന്നു. പകൽ 11.30ന് പുറപ്പെടുന്ന കണ്ണൂർ– കാഞ്ഞിരക്കൊല്ലി, 2.50നുള്ള കണ്ണൂർ– കുടിയാന്മല– ചന്ദനക്കാംപാറ, 1.40ന്റെ കണ്ണൂർ– ചെമ്പേരി, ഇതേ സമയത്തുള്ള ഇരിട്ടി–കരിക്കോട്ടക്കരി– പാലത്തുംകടവ്, രാത്രി 8.15നുള്ള കണ്ണൂർ– ബംഗളുരു സർവീസുകളാണ് ഒഴിവാക്കിയത്.
ഇന്നലെ മാത്രം കണ്ണൂർ ഡിപ്പോയിൽ വരുമാനത്തിൽ രണ്ട് ലക്ഷം രൂപ കുറഞ്ഞു.
സ്വകാര്യ ബസുകളും സർവീസ് നിറുത്തിവയ്‌ക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണ്. രാവിലെയും വൈകിട്ടും മാത്രമാണ് സീറ്റിലെങ്കിലും യാത്രക്കാരുള്ളത്. മറ്റുള്ള ട്രിപ്പുകളിൽ ഡ്രൈവറും കണ്ടക്ടറും മാത്രം. അയ്യായിരം രൂപയോളം പ്രതിദിനം ഡീസലിന് വേണ്ടി വരുന്ന ബസ് സർവീസുകൾക്ക് പ്രതിദിനം കിട്ടുന്ന കളക്‌ഷൻ നാലായിരത്തിലും താഴെയാണെന്ന് ബസുടമകൾ പറയുന്നു.