പിലാത്തറ: വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് 25 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ. പിലാത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ തുടങ്ങിയത്. ഉദ്ഘാടനം ടി.വി.രാജേഷ് എം. എൽ. എ നിർവഹിച്ചു.പൊതുജന പങ്കാളിത്തോടെ ജനകീയ ഹോട്ടൽ വഴി നിർദ്ധനർക്ക് സൗജന്യ ഭക്ഷണം നൽകുന്ന വിശപ്പ് രഹിത ചെറുതാഴം പരിപാടിയും ആദ്യ വിഹിതം നൽകി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.എം. സുർജിത്ത്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എ.വി. പ്രദീപൻ, സി.ഡി. എസ്. ചെയർപേഴ്‌സൺ ഷീജ തുടങ്ങിയവർ പങ്കെടുത്തു.
ഉച്ചയൂണിന് ആവശ്യമായ അരി സിവിൽ സപ്ലൈസ് വകുപ്പ് കിലോയ്‌ക്ക് 10.90 രൂപയ്ക്ക് ലഭ്യമാക്കും.
ഹോട്ടൽ തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾ കടുംബശ്രീക്ക് സൗജന്യമായി ലഭ്യമാക്കും.
ചെറുതാഴം കുടുംബശ്രീക്ക് ചുമതല:
ചെറുതാഴം കുടുംബശ്രീ സി.ഡി. എസിലെ മൂന്ന് അംഗങ്ങൾ ചേർന്ന് രൂപീകരിച്ച സംരംഭക യൂണിറ്റിനാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. ഈ മാസം അവസാനത്തോടെ ജില്ലയിലെ 40 തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയ ഹോട്ടലുകൾ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി.
ദിവസവും 10 ശതമാനം ഊണ് സൗജന്യം
ഡോ. എം. സുർജിത്ത് , ജില്ലാ കോ ഓർഡിനേറ്റർ
കുടുംബശ്രീ
സൗജന്യമായി നൽകുന്ന ഊണിനുള്ള ചെലവ് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തും.
പൊതുസംഘടനകൾ, സ്ഥാപനങ്ങൾ, തുടങ്ങിയവരിൽ നിന്നും, ജൻമദിനം, വിവാഹം, ഓർമ്മ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്നും ഇതിലേക്കായി പണം സ്വീകരിക്കുന്നതോടെ പണം നൽകി ഭക്ഷണം കഴിക്കുന്നവരിൽ നിന്നും മറ്റൊരു ഊണ് കൂടി സ്‌പോൺസർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും.