pushpakireedom

തലയിൽ പൂക്കൾ ചൂടുന്നത് പൊതുവെ സ്ത്രീകളാണ്. എന്നാൽ പൂക്കൾചൂടി നടക്കുന്ന പുരുഷന്മാരുള്ള നാടുമുണ്ട് ഈ ലോകത്ത്. സൗദി അറേബ്യയിലെ തെക്കൻ മേഖലയിൽ അസിർ,​ ജിസാൻ പ്രവിശ്യകളിൽ വസിക്കുന്ന തിഹാമ, ആസിർ ഗോത്ര വർഗക്കാരാണ് ഈ പാരമ്പര്യത്തിനുടമകൾ. പുഷ്പങ്ങൾ മാലയാക്കി കിരീട രൂപത്തിലൊരുക്കി ചൂടിയാണ് ഇവർ തങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ സൗന്ദര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പുഷ്പകിരീടം,​ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കൂടിയാണ് ഇതിനെ അവർ കാണുന്നത്.

ഒരു പുഷ്പചക്രവും മുകൾഭാഗം മൂടുന്ന പുഷ്പങ്ങളുമടങ്ങുന്നതാണ് സാധാരണയായി ഉപയോഗിക്കുന്ന ഇവരുടെ പുഷ്പ തൊപ്പി. വെളുത്ത മുല്ലപ്പൂ പോലുള്ള പുഷ്പങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. പർവതങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് പൂക്കൾ ധാരാളം കൃഷിചെയ്തിരുന്നു. റമദാനിലും വിവാഹ വേളകളിലും അവർ പ്രകൃതിദത്ത ശിരോവസ്ത്രം അഭിമാനത്തോടെ ധരിച്ചു. കൂടാതെ ഇവരുടെ പാദരക്ഷയിലുമുണ്ടായിരുന്നു പ്രത്യേകത. ഈന്തപ്പനയോലയിൽ നിർമ്മിച്ച പരമ്പരാഗത ഷൂസാണിവർ ധരിച്ചിരുന്നത്. 20 വർഷം മുമ്പ് വരെ പൂർണമായും ഒറ്റപ്പെട്ട ജീവിതമായിരുന്നു ഈ ഗോത്രവിഭാഗങ്ങൾക്ക്. വൈദ്യുതിയോ റോഡുകളോ ഇല്ലാത്ത കുഗ്രാമത്തിൽ അപരിചിതരായവരോട് അവർ അടുക്കാറേയില്ല. സൗദി ഭരണകൂടം ഇവർക്ക് കൂടുതൽ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. അവരുടെ സമാധാനപൂർണമായ ജീവിതത്തിൽ ഭരണകൂടം കൈകടത്തിയില്ല.

ഇതിന്റെ നല്ല ഉദാഹരണം ഖാറ്റ് എന്ന ലഹരി ഉപയോഗിക്കാൻ ഇവരെ അനുവദിച്ചിരുന്നതാണ്. ഖാറ്റ് കൃഷിക്കുപോലും ഇവിടെ എതിർപ്പുണ്ടായില്ല. യെമൻ അതിർത്തിയിൽ കഴിയുന്ന ഇവർക്ക് ആ രാജ്യവുമായും അടുപ്പമുണ്ട്. യെമനിലും ഈ ഗോത്രവർഗ്മുണ്ട്. എന്നാൽ പൂക്കൾ ധരിച്ചുനടക്കുന്ന നാണംകുണുങ്ങികളല്ല തിഹാമ,​ ആസിർ ഗോത്രവർഗക്കാരായ പുരുഷന്മാർ. പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമായി മുടി നീട്ടിവളർത്തുന്ന ശീലവും ഇവർക്കുണ്ട്.