പരിയാരം: കോവിഡ് 19 സ്ഥിരീകരിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുള്ളവർ ആശങ്കപ്പെടേണ്ടെന്ന് പ്രിൻസിപ്പൽ ഡോ. എൻ.റോയ് പറഞ്ഞു. ആശുപത്രിയിൽ കൊറോണ വൈറസ് ബാധിതരെന്ന് സംശയിച്ചെത്തുന്നവർക്കായി കൂടുതൽ വാർഡുകൾ തുറക്കും. നേരത്തെ 803, 708 സ്‌പെഷ്യൽ വാർഡുകൾ കോവിഡ് കെയർ വാർഡുകളാക്കി മാറ്റിയതിന് പുറമെ വെള്ളിയാഴ്ച 705, 706 വാർഡുകളും ഒഴിപ്പിച്ചിട്ടുണ്ട്. 708 ലും 803 ലുമായി 28 ബെഡുകളാണുള്ളത്. ഇതിന് പുറമെ 703, 705 വാർഡുകളും ഒഴിപ്പിക്കാൻ നിർദ്ദേശിച്ചു. ഇത്തരത്തിൽ 56 പേർക്കുള്ള സൗകര്യമാണ് നിലവിലുള്ളത്. ആവശ്യമാണെങ്കിൽ അഞ്ചാംനിലയിലെ വാർഡുകൾ പൂർണമായും ഐസൊലേഷനായി മാറ്റിവെക്കാനും നിർദ്ദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളായ നിരവധി പേർ എത്താൻ സാധ്യതയുള്ളതിനാൽ ആശുപത്രിക്ക് പുറത്ത് സ്ഥിരമായി ഐസൊലേഷൻ വാർഡ് തന്നെ തയാറാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ടി ബി സാനിറ്റോറിയത്തിന്റെ ഭാഗമായി പ്രവർത്തിച്ച പഴയ ചാച്ചാ നെഹ്‌റു വാർഡ് ഉൾപ്പെടെയുള്ളവ എൻജിനിയറിംഗ് വിഭാഗം പരിശോധിച്ചിരുന്നു. ഇവിടെ രോഗികളെ പ്രവേശിപ്പിച്ചാൽ ആശുപത്രിയുടെ പ്രധാന കെട്ടിടവുമായി ബന്ധമുണ്ടാകില്ലെന്നതാണ് ഇത്തരത്തിൽ ആലോചിക്കാൻ കാരണം. പ്രധാന കെട്ടിടവുമായി നേരിട്ട് ബന്ധമില്ലാത്ത വാർഡുകൾ പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി ഐസോലേഷൻ വാർഡുകളാക്കി മാറ്റാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.