കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയെ യു.ഡി.എഫിൽപെട്ട പ്രസിഡന്റുമാർ തുരങ്കം വയ്ക്കുന്നതായി ആരോപണം. മത്സ്യഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന തകർച്ചയിലായ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേർത്തത്.
രണ്ടു വർഷമായി 1500 രൂപപോലും ലഭിക്കാതിരുന്ന സംഘം സെക്രട്ടറിമാർക്ക് വേതനം കൃത്യമായി ലഭ്യമാക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ ആനുകൂല്യം ലഭിക്കുന്നതിന് മത്സ്യഫെഡ് മുന്നോട്ടുവച്ച് ചില മാനദണ്ഡങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതെ യു.ഡി.എഫ് അനുകൂല സംഘം പ്രസിഡന്റുമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ കെട്ടിട വാടക ഇനത്തിൽ 3000 രൂപയും സെക്രട്ടറിമാർക്ക് ഓണറേറിയമായി 12000 രൂപയും കംപ്യൂട്ടറും അനുബന്ധ സൗകര്യവുമൊരുക്കാൻ 45000 രൂപയും കെട്ടിടം നിർമിക്കാൻ അഞ്ചു ലക്ഷം രൂപയുമാണ് സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചത്.
മീൻ ലഭ്യത കുറഞ്ഞതിനാൽ പല സംഘങ്ങളിലും ലേലം നടക്കുന്നില്ല. അതിനാൽ സംഘങ്ങളുടെ വായ്പ തിരിച്ചടവും മുടങ്ങി. പല സംഘങ്ങളും നിത്യചെലവിനുപോലും വഴിയില്ലാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് പ്രവർത്തന മൂലധനം നൽകി കരകയറ്റാൻ സർക്കാർ ശ്രമം തുടങ്ങിയത്. എന്നാൽ ഒരു തരത്തിലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത സംഘങ്ങൾക്ക് സർക്കാൻ ആനുകൂല്യം നൽകുന്നത് നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് ഗുണകരമാകില്ലെന്നതിനാലാണ് ചില മാനദണ്ഡങ്ങൾ മുന്നോട്ടുവയ്ക്കാൻ കാരണം. ഒരു മാനദണ്ഡവും ബാധകമാക്കാതെ ആനുകൂല്യം നൽകണമെന്നാണ് യു.ഡി.എഫ് നേതൃത്വം നൽകുന്ന സംഘം പ്രസിഡന്റുമാരുടെ ആവശ്യം.
മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം കാറ്റാടി കുമാരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മത്സ്യഫെഡ് ഡെപ്യൂട്ടി മാനേജർ എൻ. രാമദാസ്, ജില്ലാ മാനേജർ കെ. വനജ, ഫിഷറീസ് അസി. രജിസ്ട്രാർ രജിത, മത്സ്യഫെഡ് അസി. മാനേജർ കെ.എച്ച് ഷെരീഫ്, ഫിഷറീസ് സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ സി.പി ഭാസ്‌കരൻ, ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസർ എം. ചന്ദ്രൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.