#16ന് തദ്ദേശസ്ഥാപനതല യോഗങ്ങൾ
#18 മുതൽ 22 വരെ വീട് കയറി ബോധവത്കരണം

കണ്ണൂർ: കൊറോണയെ പ്രതിരോധിക്കാൻ ജനങ്ങളുടെ സ്വയംനിയന്ത്രണം കൊണ്ടു മാത്രമെ സാധിക്കുകയുള്ളൂ എന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 വൈറസിനെതിരേ പ്രതിരോധ വാക്‌സിൻ ഇതേവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ അതിന്റെ വ്യാപനം പൂർണമായി തടയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻകരുതൽ നടപടികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 18 മുതൽ 22 വരെ വീടുകൾ കയറി നിർദ്ദേശങ്ങൾ നൽകും. തദ്ദേശസ്ഥാപന പ്രതിനിധി, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ എന്നിവരടങ്ങുന്ന സംഘമാണ് വാർഡ്തലത്തിൽ വീടുകളിൽ കാമ്പയിൻ നടത്തുക. 16ന് തദ്ദേശസ്ഥാപന തലത്തിൽ പ്രത്യേകം യോഗം വിളിച്ച് പരിപാടികൾ ആസൂത്രണം ചെയ്യാനും മന്ത്രി നിർദേശം നൽകി.

മാഹി പ്രദേശത്തെ കൂടി ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇതിനായി മാഹി അഡ്മിനിസ്‌ട്രേറ്ററുമായി ജില്ലാ കളക്ടർ ബന്ധപ്പെടും.

യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ സുമ ബാലകൃഷ്ണൻ, എം.പിമാരായ കെ സുധാകരൻ, കെ .കെ രാഗേഷ്, എം.എൽ.എമാരായ സി കൃഷ്ണൻ, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, അഡ്വ. എ എൻ ഷംസീർ, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി സുമേഷ്, കളക്ടർ ടി വി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.