കണ്ണൂർ :കോവിഡ് 19 ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് വ്യാപനം ചെറുക്കാൻ തൂവാല വിപ്ലവവുമായി ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകർ. തലശ്ശേരി അതിരൂപതയുടെ കീഴിലെ സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സംഘടനയുമായി ചേർന്നാണ് ജില്ലാ ചൈൽഡ് ലൈൻ ജനങ്ങൾക്ക് സൗജന്യമായി തൂവാലകൾ വിതരണം ചെയ്യുന്നത്.
മാസ്‌കുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വൈറസ് ബാധ തടയുന്നതിനാണ് തൂവാലകൾ വിതരണം ചെയ്യുന്നത്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങി ആളുകൾ കൂടുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലായാണ് വിതരണം. രണ്ട് ദിവസങ്ങളിലായി അമ്പതിനായിരത്തോളം തൂവാലകളാണ് വിതരണം ചെയ്യുക. കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന കോട്ടൺ തൂവാലകളാണ് നൽകുന്നത്.
കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തൂവാല വിതരണം ഉദ്ഘാടനം ചെയ്തു. സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ ബെന്നി നിരപ്പേൻ, തലശ്ശേരി അതിരൂപത മൈത്രാൻ ഫാ.പാബ്ലാൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. വി. ഡി. ജോസഫ് എന്നിവർ പങ്കെടുത്തു.