കാസർകോട്: ആരോഗ്യവിഭാഗത്തിന്റെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടുകൂടി ജില്ലയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് ഫലപ്രദമാവാൻ ഇനിയും അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പ്രതിരോധനിയന്ത്രണ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതോടൊപ്പം പഞ്ചായത്ത് തലത്തിൽ വികേന്ദ്രീകരിച്ച് പ്രതിരോധനിരീക്ഷണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്. വ്യക്തി നിരീക്ഷണത്തിന് താഴെ തട്ടിലേക്കുള്ള വികേന്ദ്രീകരണം അത്യാവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് നിയന്ത്രണവിധേയമായ സാഹചര്യമാണുള്ളത്. ഇത് നിലനിർത്താനും കൈവിട്ട് പോവാതിരിക്കാനും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ എം.എൽ.എമാരായ കെ കുഞ്ഞിരാമൻ, എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ, എം.സി കമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, സബ് കളക്ടർ അരുൺ കെ. വിജയൻ, എ.ഡി.എം എൻ. ദേവീദാസ്, നഗരസഭാധ്യക്ഷന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ഉപാധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഡപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു

ബലപ്രയോഗമല്ല, അവബോധം

പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിദേശങ്ങളിൽ നിന്നും വന്നവരും രോഗലക്ഷണമുള്ളവരും ആരോഗ്യപ്രവർത്തകരോട് സഹകരിക്കുന്നില്ലെന്ന് ചില പരാതികൾ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുന്നതിനേക്കാളുപരി ബോധവൽക്കരണത്തിലൂടെ അവബോധം സൃഷ്ടിച്ച് നിരീക്ഷണ സംവിധാനത്തിലേക്ക് സ്വയം മുന്നോട്ട് വരുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മാസ്‌ക് എല്ലാവർക്കും വേണ്ട

കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി വ്യാപകമായി മാസ്‌ക് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൊറോണ ബാധയുള്ളവരും രോഗലക്ഷണമുള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രമാണ് മാസ്‌ക് ഉപയോഗിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. അനിയന്ത്രിതമായി മാസ്‌ക് വാങ്ങിക്കൂട്ടുന്നതിനാൽ അത്യാവശ്യക്കാർക്ക് മാസ്‌ക് ലഭിക്കാത്ത സാഹചര്യമുള്ളതായും ഇത് ഒഴിവാക്കാൻ പൊതുസമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദർശനം ഒഴിവാക്കണം

ജില്ലയിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശ സഞ്ചാരികൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ടൂറിസം വകുപ്പുമായി സഹകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ നിരീക്ഷണ വിഭാഗം ഇന്നുമുതൽ വിനോദ സഞ്ചാരികൾ താമസിക്കുന്ന ഇടങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തും.


ഫോട്ടോ

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ കൊറോണ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ സംസാരിക്കുന്നു.