കൂത്തുപറമ്പ്:കൊറോണ ഭീഷണിയെ തുടർന്ന് വിനോദയാത്രകൾ നിറുത്തിവച്ചത് കോൺട്രാക്ട് ക്യാരിയേജ് വാഹനമേഖലക്ക് തിരിച്ചടിയായി. പണിയില്ലാതായതോടെ തിരിച്ചടവോ,ടാക്സോ അടക്കാനാവാതെ വലയുകയാണ് വാഹന ഉടമകൾ.
വിവാഹാഘോഷങ്ങളും, ഉത്സവങ്ങളും ചടങ്ങുകളിലൊതുങ്ങിയതാണ് ടൂറിസ്റ്റ് ബസുകൾക്ക് കൂടുതൽ തിരിച്ചടിയായത്. 37,000 രൂപ വരെയാണ് ത്രൈമാസ നികുതി ഇനത്തിൽ ടൂറിസ്റ്റ് ബസുകൾ അടയ്‌ക്കേണ്ടത്. അതോടൊപ്പം പ്രതിമാസം 50,000 രൂപരെ വായ്പാതുകയും തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ഇതിനിടയിൽ ഇൻഷ്വറൻസ്, മെയിൻറൻസ് വർക്ക് എന്നിവയ്‌ക്കും വൻതുകയാണ്കണ്ടെത്തേണ്ടത്. മുൻ വർഷങ്ങളിൽ ഫെബ്രുവരി, മാർച്ച്, മാസങ്ങളിലും വെക്കേഷൻ സീസണിലുമാണ് ടൂറിസ്റ്റ് ബസുകൾക്ക് നല്ലതോതിൽ പണി ലഭിച്ചിരുന്നത്.
ത്രൈമാസ നികുതി ഒഴിവാക്കുക, വായ്പയ്‌ക്ക് പലിശരഹിത മെറോട്ടോറിയം പ്രഖ്യാപിക്കുക, ടൂറിസ്റ്റ് ബസുകൾ ഏകികൃത കളർകോഡ് ഏർപ്പെടുത്താനുള്ള സമയം ദീർഘിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺട്രാക്ട് ക്യാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയഷൻ ഭാരവാഹികൾ മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.