കൂത്തുപറമ്പ്:കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഹെൽപ് ഡെസ്‌ക് തുറന്നു. സംശയമുള്ളവരെ പരിശോധിക്കാൻ നിരീക്ഷണമുറിയും താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലും കൊറോണ വൈറസ് ബാധിതനെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടി. ഇന്നലെ രാവിലെയാണ് താലൂക്ക് ആശുപത്രിയിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചത്. പുതുതായി തുടങ്ങിയ ക്യാഷ്യാലിറ്റിക്ക് മുമ്പിലാണ് താത്കാലിക ഹെൽപ് ഡെസ്‌ക് തുറന്നിട്ടുള്ളത്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുള്ള അടിയന്തിര ഹെൽപ് ഡെസ്‌കിന്റെ ചുമതല ആശാവർക്കർമാർക്കാണ്.

വെള്ളിയാഴ്ച്ച സംശയ സാഹചര്യത്തിലുള്ള ഒരാൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയതായി പ്രചരണമുണ്ടായിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്താത്തതിനാൽ ഇയാളെ വീട്ടിൽ നിരീക്ഷണത്തിലാക്കിയിരിക്കയാണ്.

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണ മുറി തയാറാക്കിയിട്ടുണ്ടെങ്കിലും പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ഒ. പി വിഭാഗമാണ് നിരീക്ഷണ മുറിയിൽ പ്രവർത്തിച്ചു വരുന്നത്. കൊറോണയുടെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ മുറിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.