കൂത്തുപറമ്പ് : കൂത്തുപറമ്പ് പബ്ളിക് സർവന്റ്സ് സഹകരണ സംഘം ഭരണ സമിതി സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) പിരിച്ചുവിട്ടു. സംഘത്തിന്റെ പ്രവർത്തനത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി. സംഘത്തിന്റെ കീഴിലുള്ള സ്റ്റോറിൽ സെയിൽസ്‌മാൻ തസ്തികയിലേക്ക് നടന്ന നിയമനത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയെ തുടർന്നാണ് നടപടി. കൂത്തുപറമ്പ് അസി. രജിസ്ട്രാർ ജനറൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പരാതി വസ്തുതാപരമെന്ന് കണ്ടത്തിയതിനാൽ സഹകരണനിയമം 66ാം വകുപ്പുപ്രകാരം വിശദാന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് 3 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് തെളിഞ്ഞു.
ഭരണസമിതിയുടെ വീഴ്ചയാണ് ഭീമമായ ഫണ്ടു ചോർച്ചയ്‌ക്ക് കാരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. വർഷങ്ങളായി ലക്ഷങ്ങളുടെ നഷ്ടത്തിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം . ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് പോലും പ്രയാസം അനുഭവിച്ചുവരികയായിരുന്നു. വർഷങ്ങളായി പ്രവർത്തിക്കാത്ത നീതി സ്റ്റോറിലേക്കായിരുന്നു സെയിൽസ്‌മാനെ നിയമിച്ചത് . ഇതിനായി എഴുത്തുപരീക്ഷ നടത്തിയത് ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്നും ആക്ഷേപമുണ്ട്. എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്തിലുള്ള ഭരണ സമിതിയാണ് സൊസൈറ്റിയുടെ ഭരണം നിയന്ത്രിച്ചിരുന്നത്. അഡ്മിനിസ്ട്രേറ്ററായി കൂത്തുപറമ്പ് അസി. രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ പി.പങ്കജാക്ഷിയെ നിയമിച്ചിട്ടുണ്ട്.