മാഹി: സോഷ്യൽ മീഡിയ വഴി കൊറോണ രോഗഭീതിയടക്കം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മയ്യഴി അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാഹിയിൽ ആർക്കും ഇതേ വരെ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരാൾ മാഹി ഗവ: ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രത്യേക വാർഡും കൊറോണ രോഗികളെ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ജീവനക്കാർക്ക് ആവശ്യമായ മാസ്‌ക് ,ഗ്ലൗസ് എന്നിവ നൽകി വരുന്നുണ്ട്. ടോയ്‌ലറ്റുകളും, മുറികളുമെല്ലാം പ്രത്യേകം ശുചീകരിക്കുന്നുണ്ട്. ബാറുകളിൽ അന്യസംസ്ഥാന തൊഴിലാളികളടക്കം തടിച്ചുകൂടുന്നത് തടയും. ഗുണനിലവാര പരിശോധനയ്‌ക്കും ശുചിത്വമടക്കമുള്ള പരിശോധനകൾക്കുമായി പ്രത്യേക എക്‌സൈസ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
മാഹിയിൽ സ്ഥിതി നിയന്ത്രാതീതമാണ്. കണ്ണൂർ, കോഴിക്കോട് ജില്ലാ ഭരണകൂടങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമെങ്കിൽ പുതുച്ചേരിയിൽ നിന്ന് വിദഗ്ദ്ധസംഘത്തെ കൊണ്ടു വരും. ഇരുപത്തിയാറ് പേർ ഗൃഹ നിരീക്ഷണത്തിലുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു. ഡോ. വി.രാമചന്ദ്രൻ എം എൽ എ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.പ്രേം കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.