മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മുങ്ങിയ ഹോംനേഴ്സായ യുവതിയെ മട്ടന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. കാര പേരാവൂർ സ്വദേശിനി സജിന (37)യെയാണ് മട്ടന്നൂർ എസ്.ഐ സി.സി. ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് വച്ച് അറസ്റ്റു ചെയ്തത്.
എട്ടാം തരത്തിലും പ്ലസ് വണിനും പഠിക്കുന്ന രണ്ട് ആൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയതിനാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ആഗസ്ത് പത്തിന് സ്വന്തം വീടായ കാര പേരാവൂരിൽ പോയി വരാമെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് യുവതിയുടെ മൊബൈൽ ഫോണിൽ ഭർത്താവ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളത്ത് ഹോംനേഴ്നായി ജോലിക്ക് പോയതായി വിവരം കിട്ടി. ഭർത്താവ് അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങളെ അമ്മ ഉപേക്ഷിച്ച് പോയതായി കാണിച്ച് കുട്ടികൾ കണ്ണൂർ ചൈൽഡ് ലൈൻ വെൽഫേർ കമ്മിറ്റി അധികൃതർക്കും പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി എറണാകുളത്തെ റജിയെന്ന യുവാവിനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയത്. അറസ്റ്റു ചെയ്ത യുവതിയെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.