കാസർകോട്: കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയുടെ കൂടെ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശികളായ ആറുപേരെ ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തി.
വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ തന്നെ ആരോഗ്യ വകുപ്പ് ജീവനക്കാർ ഈ ആറു പേരെ തേടി ഇറങ്ങിയിരുന്നു. അതിനിടയിൽ ഒരാൾ അധികൃതരെ ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ചുപേരെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. വിദേശത്തുനിന്ന് എത്തിയ അഞ്ചു പേരും സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് സംഘടിപ്പിച്ച് അവരുടെ വീടുകളിലെത്തി പരിശോധിക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ആറുപേരെയും വീടുകളിൽ തന്നെ പാർപ്പിച്ച് നിരീക്ഷണം നടത്തുകയാണ് ആരോഗ്യവകുപ്പ് അധികൃതർ.
രോഗം ഇല്ലാത്തതിനാൽ രക്തത്തിന്റെ സാമ്പിൾ എടുത്തിട്ടില്ലെന്നും ആറുപേരെയും വീടുകളിൽ നിരീക്ഷിക്കുകയാണെന്നും കാസർകോട് ഡി.എം.ഒ പറഞ്ഞു