കണ്ണൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ റിസോർട്ടുകളിലും ആയുർവേദ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടങ്ങി. വിനോദസഞ്ചാരത്തിനും ആയുർവേദ ചികിത്സയ്‌ക്കുമായി എത്തിയ വിദേശ സഞ്ചാരികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

ഇവരുടെ യാത്രാരേഖകൾ പരിശോധിച്ച ശേഷം നിർബന്ധിതമായി കൊറോണ വൈറസ് ബാധ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്നെത്തിയവർ താമസിക്കുന്ന സ്ഥലങ്ങളിൽ ബോധവത്കരണവും നടത്തും. അതേ സമയം പക്ഷിപ്പനിയും കൊറോണ ഭീതിയും കാരണം കണ്ണൂർ നഗരത്തിലെ പ്രധാന മൂന്ന് ഹോട്ടലുകൾ അടച്ചുപൂട്ടി. അറ്റകുറ്റപ്പണി എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും കച്ചവടം കുറഞ്ഞതാണ് അടച്ചുപൂട്ടാൻ കാരണമെന്ന് പറയുന്നു.