തലശ്ശേരി: അർബുദ ചികിത്സകിട്ടാതെ തെരുവിൽ അലയുന്ന വയോധികനെ ജനമൈത്രി പൊലിസിന്റെയും തലശ്ശേരി ഗ്രീൻ വിംഗ്സിന്റെയും സഹായത്തോടെ എളയാവൂർ സി.എച്ച് കാൻസർ സെന്ററിലേക്ക് മാറ്റി. കന്യാകുമാരി സ്വദേശി ആലൂരിലെ എ. സുന്ദറി (53) റിനെയാണ് അലഞ്ഞു തിരിയുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലിസ് ഇടപെട്ട് സ്റ്റേഷനിലെത്തിച്ചത്.
പുതിയബസ്‌സ്റ്റാൻഡിൽ നിന്ന് സുന്ദറിനെ കൂട്ടി ലോഡ്ജിൽ നിന്ന് കുളിപ്പിച്ച് പുതുവസ്ത്രം നൽകിയാണ് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് സഹായഹസ്തവുമായി ഗ്രീൻവിങ്‌സ് തലശ്ശേരി പൊലിസ് സ്റ്റേഷനലെത്തി സൗജന്യ ചികിത്സ നൽകാൻ വേണ്ടി എളയാവൂർ സി.എച്ച് കാൻസർ സെന്ററിലേക്ക് മാറ്റിയത്. മൂന്ന് മാസമായി തലശ്ശേരി നഗരത്തിൽ വേദന സഹിച്ച് സുന്ദർ അലഞ്ഞ് തിരിഞ്ഞു നടക്കുകയായിരുന്നു.
തൊണ്ടയ്‌ക്ക് അസഹ്യമായ വേദനയുമായി കന്യാകുമാരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അർബുദമാണെന്ന് മനസിലായത്. കൂട്ടിരിപ്പിന് ബന്ധുക്കൾ ഇല്ലാത്തതിനാൽ അലഞ്ഞ് തിരിഞ്ഞ് തലശ്ശേരിയിലെത്തുകയായിരുന്നു. ജനമൈത്രി പൊലിസ് ഉദ്യോഗസ്ഥരായ കെ.എം ഷിബു, സി. നജീബ്, തലശ്ശേരി ഗ്രീൻ വിംഗ്സ് ഭാരവാഹികളായ നൗഷാദ് പൊന്നകം, അഫ്‌നിദ്, അഫ്‌സീർ, ഹനീഫ, ഫസൽ എരഞ്ഞോളി, എളയാവൂർ സി.എച്ച് സെന്റർ ഭാരവാഹികളായ കെ.എം ഷംസൂദ്ദീൻ, ആർ.എം ഷബീർ, എൻ.കെ മഹമൂദ്, എൻ.പി കുഞ്ഞിമുഹമ്മദ്, സി. മൊയ്തു എന്നിവരാണ് കാൻസർ സെന്ററിലേക്ക് കൊണ്ടുപോയത്.