ഇരിട്ടി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മലയോര മേഖലയിൽ ഊർജ്ജിതമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും വിവിധ സർക്കാർ വകപ്പുകളുടേയും നേതൃത്വത്തിലാണ് മുൻകരുതൽ നടപടികൽ ശക്തമാക്കിയത്. ആറളം പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന യോഗം നടത്തി. നിലവിൽ ആറളം പഞ്ചായത്തിൽ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രതയോടെ പ്രവർത്തിക്കാൻ തീരുമാനിച്ചു.
രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നോ, രോഗബാധയുള്ളവരിൽ നിന്നോ സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ എത്തിയാൽ ഉടനെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണം. ആൾകൂട്ടം പരമാവധി കുറക്കണം. ആവശ്യമായ ഇടപെടലുകൾ നടത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും പൊലീസും ഉൾപ്പെടുന്ന ടീമിന് രൂപം നൽകി. പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ. ത്രേസ്യാമ്മ കൊങ്ങോല, റയ്ഹാനത്ത് സുബി, ജോഷി പാലമറ്റം, അംഗം പി.റോസ, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി ജോർജ്, എസ്.ഐ ജോർജ് എന്നിവർ സംസാരിച്ചു
ആറളം ഫാം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആറളം ഫാമിൽ ജാഗ്രതാ സമിതി യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ സുനിൽ രാജ്, ആറളം ഫാം സുപ്രണ്ട് വി.പി.മോഹൻദാസ്, ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.ബി.ഉത്തമൻ, കുടുംബശ്രീ കോർഡിനേറ്റർ പി.എ നോബിൻ, ശ്രീകുമാർ, സന്തോഷ്, സ്‌കൂൾ അദ്ധ്യാപകൻ ഷെഹരിയാർ, ജിതേഷ്, തുടങ്ങിയവർ സംസാരിച്ചു. ആദിവാസി മേഖലയിലെ ജനങ്ങളിൽ ജാഗ്രതാ നിർദ്ധേശം നൽകാനും യോഗം തീരുമാനിച്ചു. ഹെൽത്ത് ഇൻസ്‌പെക്ട്ടർ പവിത്രൻ സ്വാഗതം പറഞ്ഞു.
അതിർത്തിയിൽ പരിശോധന കർശനം
കേരളാ കർണ്ണാടക അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി. എക്‌സൈസ് കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരം മാസ്‌ക്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചാണ് അന്തർ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നത്.
കർണ്ണാടകത്തിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധന അതീവ കർശനമായാണ് തുടരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരിൽ ചിലർ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി റോഡ് മാർഗം കേരളത്തിലേക്ക് എത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അതിർത്തി ചെക്കു പോസ്റ്റുകളിൽ മുഴുവൻ സമയങ്ങളിലും പരിശോധന കർശനമാക്കിയിരിക്കുന്നത്.
മാസ്‌ക്കും, കൈയ്യുറകളും ധരിച്ചാണ് കിളിയന്തറ ചെക്കു പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ ഏർപ്പെടുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെത്തിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കും. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് പോലീസും തദ്ദേശ സ്വയം ഭരണ അധികാരികളും ജനങ്ങളോട് ആവശ്യപ്പെട്ടു.
> ( പടം എടൂരിൽ ആറളം പഞ്ചായത്തുതല കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന അവലോകന യോഗത്തിൽ പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ സംസാരിക്കുന്നു )