കാസർകോട്: കാസർകോട് നഗരസഭയിൽ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ സോഫ്റ്റ് പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കുന്നു. ഔദ്യോഗിക ഉദ്ഘാടനം 19 ന് രാവിലെ10.30 ന് നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം നിർവ്വഹിക്കും.
തുടക്കത്തിൽ കാഷ് കൗണ്ടറിൽ സ്ഥാപിക്കുന്ന ഈ മെഷീൻ അടുത്ത സാമ്പത്തിക വർഷത്തോടെ ഫീൽഡിലെ എല്ലാ നികുതി പിരിവ് ഉദ്യോഗസ്ഥർക്കും അനുവദിക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ്. ബിജു അറിയിച്ചു. എച്ച്.ഡി.എഫ്.സി കാസർകോട് ബ്രാഞ്ചുമായി അസോസിയേറ്റ് ചെയ്താണ് മെഷീൻ സ്ഥാപിക്കുക.
മെഷീൻ സ്ഥാപിക്കുന്നതോടെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായി നികുതി ഉൾപ്പെടെയുള്ള തുകകൾ കാഷ് ലെസായി അടക്കുവാൻ കഴിയും. നഗരസഭയിൽ അടക്കേണ്ട നികുതികൾ, ലൈസൻസുകൾ, മറ്റു ചെലാനുകൾ എന്നിവ കാർഡ് ഉപയോഗിച്ച് കൗണ്ടറിൽ സ്വീകരിക്കും.
റവന്യു റിക്കവറി ഉടൻ
നികുതി പിരിവ് മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വൻ പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്നും ഇനിയും നികുതി അടക്കാത്ത വൻ കുടിശ്ശികയുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും പേരിൽ ഈ ആഴ്ച തന്നെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പൽ റവന്യൂ ഓഫീസർ എം.വി.റംസി ഇസ്മായിൽ അറിയിച്ചു. 25 ലക്ഷം രൂപയുടെ റവന്യൂ റിക്കവറി ലിസ്റ്റിൽ പി.ഡബ്ല്യു.ഡി, ഫയർ ആൻഡ് റെസ്ക്യൂ , വാട്ടർ അതോറിറ്റി, പൊലീസ് സൂപ്രണ്ട് ഓഫീസ്, സിഡ്കോ തുടങ്ങി അംഗീകൃത സർക്കാർ സ്ഥാപനങ്ങളും 15 ലക്ഷത്തോളം രൂപയുടെ റവന്യൂ റിക്കവറി ലിസ്റ്റിൽ സ്വകാര്യ വ്യക്തികളുമാണ് ഉൾപ്പെടുന്നതെന്ന് റവന്യൂ ഓഫീസർ പറഞ്ഞു.