കണ്ണൂർ:സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും മിക്കയിടത്തും ഈടാക്കുന്നത് പഴയവിലയായ 20 രൂപ തന്നെ. കൊറോണ മുൻനിർത്തി സർക്കാർ സംവിധാനങ്ങൾ പ്രതിരോധമൊരുക്കുന്ന തിരക്കിൽ പറ്റാവുന്നത്ര തുക ഊറ്റിയെടുക്കാനാണ് ഒരു വിഭാഗം കച്ചവടക്കാരുടെ ശ്രമം.

വേനൽ കാലത്ത് കുപ്പിവെള്ളത്തിനുള്ള ഡിമാൻഡ് മുതലെടുത്താണ് ചില്ലറ വിൽപ്പനക്കാർ സർക്കാ‌ർ ഉത്തരവ് പരസ്യമായി ലംഘിക്കുന്നത്. അധികൃതർ പരിശോധന ശക്തമാക്കുന്നില്ലെന്നതും ഇവർക്ക് തോന്നിയ വില ഈടാക്കാനുള്ള അവസരം നൽകുന്നു.ഇതുസംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വൈകാതെ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ ഒരു സംഘത്തെ പരിശോധനയ്ക്കായി നിയോഗിക്കുമെന്നാണ് അധികൃതരുടെ മറുപടി.

ചോദ്യം ചെയ്യുന്നവരോട് നിയമം വരുന്നതിന് മുമ്പ് പാക്ക് ചെയ്തതാണെന്നൊക്കെ മുടന്തൻ ന്യായം ഉന്നയിച്ചാണ് ചില കടക്കാർ കൂടിയ തുക ഈടാക്കുന്നത്. അധികമാളുകളും ചോദ്യം ചെയ്യാനുള്ള മടി കൊണ്ട് കൂടിയ തുക കൊടുക്കുകയാണ് ചെയ്യുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ അധികൃതരുടെ ശ്രദ്ധ തങ്ങളിലേക്ക് കാര്യമായി ഉണ്ടാവില്ലെന്ന് മനസിലാക്കിയാണ് കുപ്പിവെള്ളത്തിന് പരസ്യമായി നിയമം ലംഘിച്ച് ഉയർന്ന വില ഈടാക്കാൻ ഒരു വിഭാഗം കച്ചവടക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

നിയമം നോക്കുകുത്തിയായി

കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില ക്രമീകരിച്ചത്. നിശ്ചയിച്ചത്.വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഒരു വിദഗ്ദ സമിതിയെ നിയോഗിക്കുകയും സമിതി കുടിവെള്ള നിർമ്മാണ കമ്പനികളിൽ നിന്നും ഉപഭോക്തൃ സംഘടനകളിൽ നിന്നും ആഭിപ്രായവും ആക്ഷേപവും തേടിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.വില നിയന്ത്രണത്തോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്‌സ് (ബി.ഐ.എസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയുമുണ്ട്.

ചില്ലറവില്പനക്കാർക്ക് ലഭിക്കുന്നത് ₹8 നിരക്കിൽ

വിൽക്കേണ്ടത് ₹13ന്

ഈടാക്കുന്നത് ₹15-20 വരെ