മാഹി: 'പുഴു നടപ്പ് '( Fungal Alopecia ) രോഗം കൊണ്ട് മുടിരോമങ്ങൾ കൊഴിഞ്ഞു പോകുന്നവർ ഇനി ദു:ഖിക്കേണ്ടതില്ല.
ചെമ്പ്രയിലെ മന്ദിക്കണ്ടിയിൽ ബാലകൃഷ്ണക്കുറുപ്പിന്റെ വീട്ടുപറമ്പിൽ ഇലകൊഴിയും മരമായ ആവിൽ തളിർത്തുലഞ്ഞ് നിൽക്കുന്നുണ്ട്. തളിരില പിഴിഞ്ഞ് നീര് രോഗം ബാധിച്ച സ്ഥലത്ത് തേച്ച് പിടിപ്പിച്ചാൽ 'പുഴു നടപ്പ് ' എന്ന രോഗം പോയ വഴി കാണില്ലെന്നാണ് പരമ്പരാഗത വൈദ്യന്മാരുടെ വിധി.

ആവിലിന്റെ ഔഷധ ഗുണമറിഞ്ഞവരും അനുഭവ സ്ഥരും രോഗബാധിതർക്കായി

ബാലകൃഷ്ണക്കുറുപ്പിന്റെ പറമ്പിൽ എത്തി മരുന്ന് കൊണ്ടു പോകുന്നുണ്ട്. ഒറ്റത്തവണ തേച്ചാൽ തന്നെ രോഗാണുക്കൾ നശിക്കുകയും മുടി കിളിർക്കുകയും ചെയ്യുമെന്ന് അനുഭവസ്ഥർ പറയുന്നു. ഫെബ്രുവരി മാസത്തോടെയാണ് മരം തളിരിടുന്നത്. പലവിധ മരുന്നുകളിലേക്ക് ആവശ്യത്തിനായി ആവിലിന്റെ ഇലകൾ പറിച്ചെടുക്കാൻ നാനാഭാഗത്തു നിന്നും ആളുകൾ ഇവിടെ വന്നെത്തും .

വീടിന്റെ തെക്ക് ഭാഗത്ത് ഗുളികൻ തറയോട് ചേർന്നാണ് ആവിൽ മുത്തശ്ശിയുടെ നിൽപ്. അതു കൊണ്ടു തന്നെ ഭയഭക്തിയോടു കൂടിയാണ് വീട്ടുകാർ ഈ മരത്തെ പരിപാലിക്കുന്നതും സമീപിക്കുന്നതും

പ്രശസ്ത വൈദ്യനും മന്ത്രവാദിയുമായിരുന്ന ശങ്കരക്കുറുപ്പിന്റെ കാലത്ത് വിശാലമായ ഈ പറമ്പ് നിറയെ ഔഷധ സസ്യങ്ങളായിരുന്നു. ഇപ്പോഴും മഞ്ചാടി, വേപ്പ് തുടങ്ങി ഒട്ടേറെ അപൂർവ്വ മരങ്ങൾ ഈ പറമ്പിലുണ്ട്. ശങ്കരക്കുറുപ്പ് ആരിൽ നിന്നും ചികിത്സക്കോ, മരുന്നിനോ പണം വാങ്ങാറില്ലായിരുന്നു. മരുമക്കളും നിലപാട് മാറ്റിയിട്ടില്ല.പ്രശസ്തമായ അയ്യപ്പൻകാവ്, ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, പുത്തൻപുരയിൽ ഭദ്രകാളി ക്ഷേത്രം എന്നിവയ്ക്ക് നടുവിലുള്ള മന്ദിക്കണ്ടി തറവാട്ടിൽ തന്നെ ഗുളികൻ തറയുമൊക്കെയുണ്ട്.


ചിത്രവിവരണം:ആവിൽ മരത്തിൽ നന്നും തളിരിലകൾ പറിച്ചെടുക്കുന്നു