കണ്ണൂർ:ജില്ലയിൽ കൊറോണ വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി അനിവാര്യമായവ ഒഴികെയുള്ള മുഴുവൻ ചടങ്ങുകളും ഒഴിവാക്കാനും ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും ജില്ലാ കളക്ടർ വിളിച്ചുചേർത്ത മത സംഘടനാ നേതാക്കളുടെ യോഗത്തിൽ തീരുമാനം. നിലവിൽ ആരാധനാലയങ്ങളിൽ പ്രാർഥനകളുടെയും ചടങ്ങുകളുടെയും സമയദൈർഘ്യം കുറച്ചുവെന്നത് ശ്ലാഘനീയമാണെങ്കിലും കൊറോണ വാഹകനിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാൻ ഏതാനും നിമിഷങ്ങൾ മതിയാവുമെന്നതിനാലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്.

കൊറോണ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്നെത്തി വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരിൽ ചിലരെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതായി പ്രാദേശിക തലങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി .സുമേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടി. കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്ന സംഭവങ്ങളുമുണ്ട്.

നിർത്തിവെക്കും

ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, തെയ്യങ്ങൾ, അന്നദാനച്ചടങ്ങുകൾ, മുസ്ലിം പള്ളികളിലെ ടാങ്കുകളിൽ നിന്നുള്ള അംഗശുദ്ധി വരുത്തൽ, പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ, മതപ്രഭാഷണങ്ങൾ, നേർച്ചകൾ, ഉറൂസുകൾ, ക്രിസ്തീയ ദേവാലയങ്ങളിലെ തിരുനാൾ ആഘോഷങ്ങൾ, ആദികുർബാന ചടങ്ങുകൾ, കുരിശിന്റെ വഴി തുടങ്ങിയവ നിർത്തിവച്ചതായി ബന്ധപ്പെട്ട മതസംഘടനാ പ്രതിനിധികൾ യോഗത്തെ അറിയിച്ചു.

മറ്റ് നിർദ്ദേശങ്ങൾ

വിവാഹങ്ങൾ പരമാവധി മാറ്റിവയ്ക്കണം

ഒഴിവാക്കാനാവാത്തവ ചടങ്ങുകളിൽ ഒതുക്കണം

മരണാനന്തര ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രം

ഇത്തരം ചടങ്ങുക വേഗത്തിൽ തീർക്കണം

സംസ്ഥാന അതിർത്തികളിൽ പൊലിസ്,​ആരോഗ്യ വകുപ്പും പരിശോധന

ബസ് സ്റ്റാൻഡ്കൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സ്‌ക്രീനിംഗ്

ബൈറ്റ്

കൊറോണ കൂടുതൽ പേരിലെത്തുന്ന സാഹചര്യമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി വരും. ഒരു പ്രതിരോധ നടപടിയും ഫലപ്രദമാവാത്ത അവസ്ഥയാണ് അതുണ്ടാക്കുക. അത്തരമൊരു ദുരന്തത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തരുത് എന്ന ബോധ്യത്തോടെ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാവണം. പൊതുജനാരോഗ്യ സംരക്ഷണമെന്ന ലക്ഷ്യം മുൻനിർത്തി ഇക്കാര്യത്തിൽ പരമാവധി ജാഗ്രത പുലർത്താൻ ഓരോരുത്തരും മുന്നോട്ടുവരണം- ജില്ലാ കളക്ടർ ടി.വി.സുഭാഷ്