photo

പഴയങ്ങാടി: ബി.ജെ.പി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി കണ്ണപുരം മൊട്ടമ്മൽ സ്വാമിമഠത്തിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്ന ചേണിച്ചേരി വളപ്പിൽ സുമേഷിന്റെ കടയുടെ മുന്നിലാണ് റീത്ത് വെച്ചത്. ഇന്നലെ രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് പച്ചക്കറി ഇട്ടു വെക്കുന്ന സ്റ്റാൻഡിൽ സുമേഷിന്റെ കളർ ചിത്ര സഹിതം റീത്ത് കണ്ടത്.

സുമേഷ് ബലിദാനി എന്ന ബോർഡും ഇതിലുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സുമേഷ് കണ്ണപുരം പൊലീസിൽ പരാതി നൽകി. പ്രിൻസിപ്പൽ എസ്.ഐ ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തിൽ പൊലീസെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. കണ്ണപുരം ചൈനാക്ലേ റോഡ് കവലയിൽ കഴിഞ്ഞ ദിവസം കണ്ണപുരം സേവാഭാരതിയുടെ വക പൊതുജനങ്ങൾക്കായി കുടിവെള്ളം നിറച്ച സ്റ്റീൽ പാത്രം സ്ഥാപിച്ചിരുന്നു.

സുമേഷിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നടന്നതിന്റെ വിരോധമാണ് റീത്ത് വെക്കലിന് പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു. സുമേഷിന്റെ കടക്ക് നേരെ ഇതിന് മുമ്പും അക്രമമുണ്ടായിരുന്നതായും സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സഹകാര്യവാഹക്. തമ്പാൻ, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി വിനോദ്, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് വി.വി. മനോജും സുമേഷിന്റെ കട സന്ദർശിച്ചു.