നീലേശ്വരം: മെക്കാഡം ടാറിംഗ് നടത്തിയ രാജാ റോഡ് മേൽപ്പാലത്തിന് താഴെ അലക്ഷ്യമായി ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നഗരസഭ തീരുമാനിച്ചു. ഇതോടൊപ്പം വഴിയോര കച്ചവടവും തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്. മേൽപ്പാലത്തിന് താഴെയുള്ള ഓട്ടോറിക്ഷ പാർക്കിംഗ് സൗകര്യപ്രദമായ വിധത്തിൽ ക്രമീകരിക്കുകയും ചെയ്തു.

നഗരങ്ങളിൽ താമസിക്കുന്നവർക്കും നഗരത്തിൽ എത്തിച്ചേരുന്നവർക്കും പരമാവധി പൊതു ഇടങ്ങൾ കണ്ടെത്തേണ്ടതുണ്ട് എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നവരുടെ യാത്രാസൗകര്യം പരിഗണിച്ചുമാണ് നഗരസഭ അധികൃതരും, പൊലീസും ചേർന്ന് ക്രമീകരണം ഏർപ്പെടുത്തിയത്.

മേൽപ്പാലത്തിന് താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് റെയിൽവെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുമുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. റെയിൽവെ സ്റ്റേഷനിലേക്ക് കാൽനടയായും വാഹനങ്ങളിലുമായി പോകുന്നവരുടെ യാത്രാക്ലേശവും അപകട സാഹചര്യവും ഒഴിവാക്കുവാൻ പുതിയ സംവിധാനവുമായി സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ അഭ്യർത്ഥിച്ചു.