കാസർകോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ 325 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ നാലുപേർ ആശുപത്രിയിലും 321 പേർ വീടുകളിലുമാണ്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വിദേശത്തു നിന്നെത്തിയ രണ്ട് പേരേകൂടി പുതുതായി നിരീക്ഷണത്തിലേക്ക് മാറ്റി. ഇതിൽ ഒരാൾ ബ്രസീലിൽ നിന്നാണെത്തിയത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മറ്റൊരു വ്യക്തിയെയും ആശുപത്രിയിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ രണ്ട് പേരും കാസർകോട് ജനറൽ ആശുപത്രിയിൽ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന ശക്തമാക്കി
കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധന കർശനമാക്കി. കർണ്ണാടകയിൽ നിന്ന് വരുന്ന വാഹനങ്ങൾ പരിശോധനയ്‌ക്കു ശേഷമാണ് കടത്തിവിടുന്നത്. പ്രധാന അതിർത്തി കേന്ദ്രങ്ങളായ തലപ്പാടി, പെർള, പാണത്തൂർ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരും പൊലീസും പരിശോധന നടത്തുന്നുണ്ട്.
ഹെൽപ് ഡെസ്ക്
മഞ്ചേശ്വരം, കുമ്പള, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പരിശോധനയ്‌ക്കായി അഞ്ച് സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. കാസർകോട് പാറക്കട്ട എസ്.പി.ഓഫീസിലെ പൊലീസുകാർക്കും കാഞ്ഞങ്ങാട് കോടതി ജീവനക്കാർക്കും പൊതുമരാമത്ത് ജീവനക്കാർക്കുമായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി. മനോജിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ജനജാഗ്രത സമിതികൾ കൂടുതൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ.വി രാംദാസ് അറിയിച്ചു.കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ജില്ലാ കൊറോണ കൺട്രോൾ സെല്ലിൽവിവരമറിയിക്കണം.ഫോൺ: 9946000493.