കാഞ്ഞങ്ങാട്: കൊറോണ വ്യാപനത്തിനെതിരെ പൊതുജനങ്ങളെ സഹായിക്കുന്നതിനായി കാസർകോട് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുകളിലാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചത്. ഇതു കൂടാതെ കാസർകോട് റെയിൽവേസ്റ്റേഷനിൽ ട്രെയിൻ പരിശോധനയ്ക്കായി അഞ്ച് സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. പ്രധാന സംസ്ഥാന അതിർത്തി കേന്ദ്രങ്ങളായ തലപ്പാടി, പെർള, പാണത്തൂർ എന്നിവടങ്ങളിൽ ആരോഗ്യപ്രവർത്തകരും പൊലീസും പരിശോധന നടത്തുന്നുണ്ട്.
വിദേശത്തു നിന്ന് വരുന്നവർ ജില്ലാ കൊറോണ കൺട്രോൾ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സർക്കാർ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങൾക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികൾ കൂടുതൽ ഊർജിത പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ കൂടി പ്രവർത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ വി രാംദാസ് അറിയിച്ചു.