തൃക്കരിപ്പൂർ: ലോകം മുഴുവനും കൊറോണ ഭീതി പടരുന്ന പശ്ചാത്തലത്തിൽ വടക്കെ മലബാറിലെ പൂരവും, അനുഷ്ഠാന കലയായ പൂരക്കളിയും വാക്യാർത്ഥസദസ്സായ മറുത്തു കളിയും അനിശ്ചിതത്തിൽ. മീനമാസത്തിലെ കാർത്തിക തൊട്ട് പൂരം നാൾ വരെ 9 നാളുകളിലായാണ് പൂരോത്സവം കൊണ്ടാടുന്നത്.

വൈറസിന്റെ പകർച്ച വരും നാളുകളിൽ നിയന്ത്രണാധീനമായില്ലെങ്കിൽ പൂരവും പൂരക്കളി -മറത്തു കളിയുമൊക്കെ ചടങ്ങുകളായി ചുരുക്കാനാണ് ക്ഷേത്രങ്ങളുടെ ആലോചന.

മറത്തുകളിക്ക് മുമ്പായി ക്ഷേത്രങ്ങളിൽ ചില അനുബന്ധ ചടങ്ങുകളുമുണ്ട്. അതിൽ പണിക്കന്മാരെ കുട്ടിക്കൊണ്ടു പോകുന്ന ചടങ്ങുകൾ പലയിടത്തും നടന്നിട്ടില്ല. എന്നാൽ ചില ക്ഷേത്രങ്ങൾ ആർഭാടങ്ങളില്ലാതെ അത് വെറും ചടങ്ങുകളായി ചുരുക്കിയിട്ടുണ്ട്. അതുപോലെ മറുത്തു കളി ദിവസം വരെയുള്ള നാളുകളിലെ പൂരക്കളി പരിശീലനമാണ്. ക്ഷേത്ര മതിൽക്കെട്ടിന് പുറത്തുവെച്ച് നടക്കുന്ന പരിശീലനവും നിരവധി പേർ ഒന്നിച്ചുള്ളതാണ്. പിന്നെ പന്തൽ പൊന്നു വെക്കൽ, കളി ഒക്കൽ തുടങിയ ചടങ്ങുകളിലും ജനങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകും. തുരുത്തി നിലമംഗലം കഴകത്തിലും, മയ്യിച്ച - വെങ്ങാട്ട് ഭഗവതി ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ചു കൊണ്ടുളള ചങ്ങാത്തം ചോദിക്കൽ ചടങ്ങുകളും നടക്കാറുണ്ട്.

സർക്കാരിന്റെ കർശനമായ നിരീക്ഷണവും നിയന്ത്രണവുമുള്ളതിനാൽ ഇത്തവണ പൂരവും പൂരക്കളി -മറത്തു കളിയുമൊക്കെ ചടങ്ങുകളായി മാറാനാണ് സാദ്ധ്യത.