കൂത്തുപറമ്പ്:മട്ടന്നൂർ നഗരസഭയേയും വേങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മണക്കായിക്കടവ് പാലം നിർമാണം പൂർത്തിയായി. വേങ്ങാട് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയായി മാറും മണക്കായിക്കടവ് പാലം. എന്നാൽ വേങ്ങാട് മെട്ട മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡിന് വീതിയില്ലാത്തത് ഗതാഗതത്തെ ബാധിക്കും.അഞ്ചരക്കണ്ടിപ്പുഴക്ക് കുറുകെ മണക്കായിക്കടവിൽ പത്ത് വർഷം മുൻപാണ് പാലം നിർമാണം ആരംഭിച്ചത്. മുൻ എൽ.ഡി.എഫ്.സർക്കാരിന്റെ കാലത്ത് മലബാർ പാക്കേജിൽ ഉൾപ്പെടുത്തിയായിരുന്നു പാലത്തിൻ്റെ നിർമ്മാണം. മുഖ്യമന്ത്രിയുടെയും, വ്യവസായ വകുപ്പ് മന്ത്രിയുടെയും മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നിർമ്മാണം നീളുന്നത് വിവാദമായിരുന്നു.
മണക്കായിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിലൂടെ കൊട്ടിയൂർ ,പേരാവൂർ, മാലൂർ, ശിവപുരം ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ അഞ്ചരക്കണ്ടി, ചക്കരക്കല്ല്, കണ്ണൂർ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധിക്കും. അതോടൊപ്പം മമ്പറം, കിണവക്കൽ, വേങ്ങാട് ഭാഗത്തുള്ളവർക്ക് വിമാനത്താവളത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം. വേങ്ങാട് മെട്ട മുതൽ പാലം വരെയുള്ള ഭാഗത്തെ റോഡ് വീതി കൂട്ടാനുള്ള നടപടികൾ വൈകുന്നത് ഗതാഗതത്തെ ബാധിക്കും. 850 മീറ്റർ വരുന്ന റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യാൻ ബഡ്ജറ്റിൽ 2 കോടി 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല. സമീപന റോഡിന്റെ ശോച്യാവസ്ഥ കാരണം പാലത്തിൻ്റെ ഉദ്ഘാടനം നീണ്ടു പോകാനും സാദ്ധ്യതയുണ്ട്.
നിർമ്മാണം പൂർത്തിയായ മണക്കായിക്കടവ് പാലം