kanthappa-
കാന്തപ്പ കുസുമം മക്കളോടൊപ്പം നിലവിലുള്ള കുടിലിന് മുന്നില്‍ രൂപവാണി ആർ ഭട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ്

വീടുപണിയാൻ 4 ലക്ഷം രൂപ

കാസർകോട് : മൂർഖൻപാമ്പിന്റെ കടിയേറ്റു മരിച്ച പെർള കജംപാടി സ്‌കൂളിനു സമീപത്തെ കോളനിയിലെ ദീപക്കിന്റെ കുടുംബത്തിന് ഇനി വെയിലും മഴയും കൊള്ളാതെ ഇഴ ജന്തുക്കളുടെ ഭീഷണി ഇല്ലാതെ വസിക്കാം. നാളുകളുടെ കാത്തിരിപ്പിനു ശേഷം കോളനിയിലെ കുടുംബത്തിന് വീട് വയ്ക്കാൻ അനുമതിയായി.

പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ദീപക്കിന്റെ കുടുംബത്തിന് വീട് അനുവദിച്ചത്. എൻമകജെ ഗ്രാമ പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തു വീട് വെച്ചുകൊടുക്കാനുള്ള പദ്ധതി ഈ മാസം തന്നെ തുടങ്ങും. പദ്ധതിയുടെ ആദ്യഗഡു ഈ മാസം തന്നെ പാസാക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗമാണ് വീട് നിർമ്മാണത്തിന് അനുമതി നൽകിയത്.

കജംപാടി കോളനിയിലെ കാന്തപ്പ - കുസുമ ദമ്പതികളുടെ ദുരിതകഥകൾ അധികാരികളുടെ മുന്നിലെത്തിച്ചു കുടുംബത്തെ സംരക്ഷിക്കാൻ എൻമകജെ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കജംപാടി കോളനി വാർഡ് മെമ്പറുമായ രൂപവാണി ആർ. ഭട്ട് നാളേറെയായി നടത്തിവരുന്ന പരിശ്രമത്തിന്റെ വിജയം കൂടിയാണ് ഈ അനുമതി.

2019 സെപ്തംബർ 14 ന് ശനിയാഴ്ച രാത്രിയാണ് കോളനിയിലെ ഓലകൊണ്ട് മറച്ച ഒറ്റമുറി കുടിലിൽ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടുവയസുകാരനായ ദീപക് പാമ്പു കടിയേറ്റ് മരിച്ചത്.

വിലങ്ങുതടിയായത് സ്വന്തം സ്ഥലമില്ലാത്തത്

കാന്തപ്പയുടെ പേരിൽ സ്വന്തമായി മൂന്ന് സെന്റ് സ്ഥലം ഇല്ലാത്തതിന്റെ പേരിലാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് ഈ കുടുംബത്തിന് നഷ്ടപ്പെട്ടത്. നിരവധി പേർ അടങ്ങുന്ന കുടുംബത്തിന്റെ സ്വത്തിലാണ് കാന്തപ്പയും കുടുംബവും താമസിക്കുന്നത്. സ്വത്ത് പെട്ടെന്ന് വീതം വെച്ച് നല്കാൻ കുടുംബത്തിലെ മറ്റ് അംഗങ്ങൾ തയ്യാറല്ലായിരുന്നു. കുറെ വർഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ താമസിക്കുന്നുണ്ടെങ്കിൽ അവിടെ തന്നെ വീട് പണിയാമെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് മതിയെന്ന സർക്കാരിന്റെ പുതിയ സർക്കുലറും കാന്തപ്പയ്ക്ക് തുണയായത്.


കുട്ടികൾ സുകന്യ സമൃദ്ധി യോജനയിൽ

പാമ്പ് കടിയേറ്റ് മരിച്ച ദീപക്കിന്റെ സഹോദരങ്ങളെ പ്രധാനമന്ത്രിയുടെ സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി. ബി.ജെ.പി മണ്ഡലം കമ്മറ്റിയാണ് കുട്ടികളെ പദ്ധതിയിൽ ചേർക്കാനും ദത്തെടുക്കാനും തയ്യാറായത്. സുകന്യ പദ്ധതി പ്രകാരം രണ്ടു കുട്ടികളുടെ പേരിൽ തപാൽ ഓഫീസിൽ അക്കൗണ്ട് തുടങ്ങുകയും 2500 രൂപ വീതം ഓരോ ആളുടെ പേരിലും നിക്ഷേപിക്കുകയും ചെയ്തു. 15 വർഷം ഇത്രയും തുക വർഷം തോറും നിക്ഷേപിക്കും. 21 വയസ് ആകുമ്പോൾ ഒന്നര ലക്ഷം രൂപ വീതം കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. പണം നിക്ഷേപിച്ച പാസ് ബുക്ക് കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറി.

സ്വന്തമായി സ്ഥലം ഇല്ലാത്ത പ്രശ്നം കുടുംബത്തിന് ഉണ്ടായിരുന്നു. കുടുംബ സ്വത്തിൽ കൂടുതൽ സ്ഥലം കിട്ടാൻ കാന്തപ്പക്ക് അർഹതയുണ്ട്. ആർ.ഡി.ഒ വന്നപ്പോൾ അപേക്ഷ നൽകിയത് പ്രകാരം പ്രത്യേകം സ്ഥലം നല്കാൻ ശുപാർശ ചെയ്യാമെന്ന് അറിയിച്ചിരുന്നു. ഞാൻ ഇടപെട്ട് റേഷൻ കാർഡും ആധാർ കാർഡും ലഭ്യമാക്കി. വീട്ട് നമ്പറും പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നതിന് നടപടി സ്വീകരിച്ചു. പാമ്പ് കടിയേറ്റ് മരിച്ചതിനാൽ വനംവകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാനും ഇടപെടുകയുണ്ടായി. രണ്ടാംഗഡുവായി ഒരു ലക്ഷം രൂപ കൂടി കിട്ടാൻ നടപടിയുണ്ടാകും.


രൂപവാണി ആർ. ഭട്ട്

( ഗ്രാമ പഞ്ചായത്ത് മെമ്പർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് )

പടം...കാന്തപ്പയും കുസുമവും മക്കളോടൊപ്പം നിലവിലുള്ള കുടിലിനു മുന്നിൽ