പഴയങ്ങാടി:ഏഴോം നെരുവമ്പ്രത്ത് നിറുത്തിയിട്ട സ്വകാര്യ ബസിന്റെ ബാറ്ററി മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് ട്രിപ്പ് കഴിഞ്ഞ് നെരുവമ്പ്രത്തെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിന് സമീപം നിറുത്തിയിട്ടിരുന്ന പഴയങ്ങാടി തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ13 വൈ1899 ബസിന്റെ ബാറ്ററിയാണ് മോഷണം പോയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ബസ് ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പഴയങ്ങാടി എസ്.ഐ കെ.ഷാജുവിന്റ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സമീപമുള്ള സിസി ടിവി കാമറകൾ പരിശോധിച്ചതിൽ സംഭവം നടന്നു എന്ന് കരുതുന്ന രാത്രി പത്തുമണിക്ക് ബസിന്റെ സമിപത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് ഓട്ടോറിക്ഷ പോകുന്നതിന്റെ ദൃശ്യം പൊലിസ് ശേഖരിച്ചിട്ടുണ്ട്.