കാസർകോട്: മിയാപ്പദവ് സ്‌കൂളിലെ അധ്യാപിക ബി.കെ രൂപശ്രീയെ (44) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അധ്യാപകന്റെയും കൂട്ടാളിയായ ഡ്രൈവറുടെയും ജാമ്യഹരജി ജില്ലാ പ്രിൻസിപ്പൽ കോടതി തള്ളി.
രൂപശ്രീയുടെ സഹഅധ്യാപകനായിരുന്ന കെ. വെങ്കിട്ടരമണ കാരന്ത്, നിരഞ്ജൻ കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ ഫെബ്രുവരി 16 ന് കേസിലെ മുഖ്യപ്രതിയായ വെങ്കിട്ടരമണ കാരന്തിന്റെ വീട്ടിൽ വെച്ചാണ് രൂപശ്രീ കൊലചെയ്യപ്പെട്ടത്. ഭർത്താവും മക്കളുമുള്ള രൂപശ്രീ വെങ്കിട്ടരമണയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ രൂപശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞ വെങ്കിട്ടരമണ നിരഞ്ജന്റെ സഹായത്തോടെ കൊലപാതകം നടത്തിയെന്നാണ് കേസ്. വെങ്കിട്ട രമണയുടെ വീട്ടിലെ കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിൽ രൂപശ്രീയുടെ മുഖം മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോയി കടലിൽ തള്ളുകയായിരുന്നു.
ലോക്കൽ പൊലീസാണ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനുശേഷമാണ് പ്രതികൾ അറസ്റ്റിലായത്. അന്വേഷണം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച്, കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്.