കണ്ണൂർ:ഏറ്റവും കൂടുതൽ ഓട്ടം ലഭിക്കേണ്ട സീസണിൽ അപ്രതീക്ഷിതമായി ഉയർന്ന കൊറോണഭീഷണയിൽ നട്ടൊല്ലൊടിഞ്ഞ് ടൂറിസ് ബസ് വ്യവസായവും. നേരത്തെ ബുക്ക് ചെയ്ത പാക്കേജുകളും തീർത്ഥാടനവും മറ്റ് യാത്രകളുമെല്ലാം വെട്ടിച്ചുരുക്കിയതോടെ ലോൺ അടക്കാൻ കഴിയാതെ കടക്കെണിയിൽ പെട്ടുനിൽക്കുകയാണ് ബസുടമകളിൽ മിക്കപേരും.വ്യാപകമായി ലഭിക്കേണ്ടിയിരുന്ന കല്യാണ ട്രിപ്പുകൾ പോലും റദ്ദാക്കപ്പെടുകയാണെന്ന് കോൺട്രാക്ട് കാരിയേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ വിശദീകരിക്കുന്നു.
ഇതിന് പുറമെ നിശ്ചിത റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്ക് വിവാഹാവശ്യങ്ങൾക്കും മറ്റുമായി താൽക്കാലിക പെർമിറ്റ് അനുവദിച്ചുകൊടുക്കുന്നതും ടൂറിസ്റ്റ് ബസ് വ്യവസായത്തെ തളർത്തുകയാണ്. കണ്ണൂർ സിറ്റി,അഴീക്കോട്,അഴീക്കൽ,വളപട്ടണം,വാരം,ചാലോട്,ചെക്കുക്കുളം,മയ്യിൽ,നാറാത്ത്, എന്നീ പ്രദേശങ്ങളിൽ നിന്നും നിരവധി ബസുകൾ സ്പെഷ്യൽ പെർമിറ്റില്ലാതെ വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിലായി ഒാട്ടം നടത്തിയിട്ടുണ്ടെന്ന് കോൺട്രാക്ട് കാരിയേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.
ഇത്തരത്തിൽ സർവ്വീസ് നടത്തിയതിന്റെ ഫോട്ടോയും വീഡിയോയും സഹിതം ആർ.ടി.ഒയ്‌ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് ഇല്ലാതെ ഒാടിയവരെ വിളിച്ചു വരുത്തി ആർ.ടി.ഒ പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ഇല്ലാതെ യാത്ര നടത്തുന്നവരെ പിടിക്കുന്നതിന് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
പെർമിറ്റ് തോന്നിയ പോലെ
മാസത്തിൽ ഒരു പ്രവൃത്തി ദിവസവും ഒരു അവധി ദിവസത്തിലും സ്വകാര്യ ബസുകൾക്കും താത്ക്കാലിക പെർമിറ്റ് വാങ്ങി സർവ്വീസ് നടത്താമെന്നാണ് നിയമമെങ്കിലും നിലവിൽ ഇക്കാര്യത്തിൽ വലിയ നിയന്ത്രണമില്ലെന്നാണ് ടൂറിസ്റ്റ് ബസുടമകളുടെ വാദം.സ്വകാര്യ ബസുകൾക്ക് തോന്നിയ പോലെ അധികൃതർ പെർമിറ്റ് നൽകുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം.നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെർമിറ്റ് കൊടുക്കുന്നത് താത്ക്കാലികമായി നിർത്തലാക്കണമെന്നാണ് കോൺട്രാക്ട് ക്യാരിയേജ് സർവ്വീസ് നടത്തുന്നവരുടെ ആവശ്യം.നിലവിൽ സ്വകാര്യ ബസുകൾക്ക് ഏപ്രിൽ മാസത്തിലേക്കുള്ള പെർമിറ്റ് ഉൾപ്പടെ നൽകിയ സ്ഥിതിയുണ്ട്.പ്രളയത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി തിരിച്ചടി നേരിടേണ്ടി വരുന്ന കോൺട്രാക്ട് ക്യാരിയേജ് സർവീസുകാരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം നടപടികൾ എന്നാണ് ആക്ഷേപം.
ബൈറ്റ്
ടാക്സ്,ഇൻഷ്വറൻസ്,സി.സി.അടക്കൽ ,കളർ കോഡ്, ജി.പി.എസ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാൽ ക്യാരിയേജ് സർവ്വീസ് പ്രതിസന്ധിയിലാണ്.അതിനിടയിൽ കൊറോണ വ്യാപനവും പ്രശ്നം രൂക്ഷമാക്കി.ചെറിയ ചില കല്യാണ ഒാട്ടത്തിലൂടെയെങ്കിലും ലഭിക്കേണ്ട വരുമാനം പോലും ഇപ്പോൾ തടസപ്പെടുന്നു.90 ശതമാനം ടൂറിസ്റ്റ് ബസുകൾക്കും ഇപ്പോൾ പണി ഇല്ലാത്ത അവസ്ഥയാണ്.അധികൃതർ പെർമിറ്റില്ലാതെ സർവ്വീസ് നടത്തുന്നവർക്കെതിരെ കർശ്ശന നടപടിയെടുക്കണം
കെ.അസ്ലം , ജില്ലാ സെക്രട്ടറി,കോൺട്രാക്ട് കാരിയേജ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ.
കണ്ണൂരിൽ
ടൂറിസ്റ്റ് കാരിയേജ് വാഹന ഉടമകൾ 300
ടൂറിസ്റ്റ് ബസുകൾ 2000
തൊഴിലാളികൾ 4000