ചെറുവത്തൂർ: കാർഷിക മേഖലയ്ക്കും പശ്ചാത്തല സൗകര്യ വികസനത്തിനും ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കും ഊന്നൽ നൽകി വൈസ് പ്രസിഡന്റ് സി.വി. പ്രമീള അവതരിപ്പിച്ച 2020-21 വർഷത്തേക്കുള്ള ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റിൽ 78,18,67,393 രൂപ വരവും 77,87,30,757 രൂപ ചെലവും കഴിച്ച് 3,73,60,636 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.

പട്ടികജാതി വിഭാഗങ്ങൾക്ക് വികസന പദ്ധതികൾ, വിദ്യാഭ്യാസ മേഖലയ്ക്കും വനിതകളുടെ ഉന്നമനത്തിനും പദ്ധതികൾ എന്നിവയ്ക്കും ബഡ്ജറ്റിൽ പ്രത്യേകം ഊന്നൽ നൽകിയിട്ടുണ്ട്. ദുരന്തനിവാരണ പദ്ധതികൾ, ടൗണിലെ ഷോപ്പിംഗ് മാൾ നിർമ്മാണം, ബയോ ക്ലബ്ബുകൾ, വാർഡുതല മാലിന്യ സംസ്കരണം, ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ ജിം, പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ, ജന്റർ റിസോർട്ട് സെന്റർ, കണ്ടൽക്കാട് വിസ്തൃതി, സമ്പൂർണ്ണ വെളിച്ചം തുടങ്ങിയ വൈവിദ്ധ്യമായ രീതിയിലുള്ള വികസന പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ പി. വിജയൻ, കെ.വി. കുഞ്ഞിരാമൻ, ഒ.വി. നാരായണൻ, കെ. നാരായണൻ, എം.വി. ജയശ്രീ, നഫീസത്ത് നാസർ, മാധവി കൃഷ്ണൻ സംസാരിച്ചു. സെക്രട്ടറി ടി.വി.പ്രഭാകരൻ സ്വാഗതം പറഞ്ഞു.

സ്കൂളുകളിൽ ഇഡ്ഡലിയും സാമ്പാറും.

പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ എൽ.പി, യു.പി. സ്കൂൾ വിദ്യാർത്ഥികൾക്കും രാവിലെ ഇഡ്ഡലിയും സാമ്പാറും വിളമ്പി പ്രഭാത ഭക്ഷണം നൽകാനുള്ള ബഡ്ജറ്റിലെ പ്രഖ്യാപനം പുതുമയുള്ളതായി. സംസ്ഥാനത്തു തന്നെ അപൂർവ്വമായൊരു പദ്ധതിയായിരിക്കും പ്രഭാത ഭക്ഷണ പദ്ധതി. നിരവധി നിർധന കുടുംബത്തിലെ കുരുന്നുകൾക്ക് ഇത് പ്രയോജനപ്പെടും. വികസന പദ്ധതികളുടെ പട്ടികയിൽ വിപ്ളവകരമായ ഒരു മാറ്റത്തിന് ഇഡ്ഡലിയും സാമ്പാറും വഴിയൊരുക്കുമെന്നും പദ്ധതി കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.