കാസർകോട്: കെറോണ സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കാസർകോട് സ്വദേശി വിമാനമിറങ്ങിയതിന് ശേഷം വന്നതും പോയതുമായ സ്ഥലങ്ങൾ കണ്ടെത്തിയാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ മേൽനോട്ടത്തിൽ കാസർകോട് ഡി. എം. ഒ ഡോ.എ. വി രാംദാസ്, ജില്ലാ സർവലെൻസ് ഓഫീസർ ഡോ.എ ടി മനോജ് എന്നിവർ ചേർന്നാണ് റൂട്ട് മാപ്പ് തയ്യാറക്കിയത്. കൊറോണ വൈറസ് പോസിറ്റിവായ യുവാവുമായി സമ്പർക്കം പുലർത്തിയ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
13 ന് രാത്രി ദുബൈയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യയുടെ ഐ .എക്സ് 814 നമ്പർ വിമാനത്തിൽ പുറപ്പെട്ട കാസർകോട് സ്വദേശി 14 ന് പുലർച്ചെ 5.20 ന് ആണ് മംഗളൂരു എയർപോർട്ടിലെത്തിയത്. ബന്ധുക്കളായ രണ്ടുപേരാണ് വിമാനത്താവളത്തിൽ നിന്ന് ഈയാളെ സ്വകാര്യ കാറിൽ കാസർകോട്ടേക്ക് കൂട്ടിക്കൊണ്ടുവന്നത്.
എവിടേയും നിർത്താതെ വന്ന കാറിൽ എത്തിയ യുവാവ് കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി രക്തസാമ്പിൾ നൽകി. സംശയം തോന്നിയ സ്വകാര്യ ആശുപത്രി ജീവനക്കാർ ഇയാളോട് കാസർകോട് ജനറൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു പറഞ്ഞയച്ചു. എന്നാൽ നേരെ ജനറൽ ആശുപത്രിയിൽ പോകുന്നതിന് പകരം എട്ടുമണിയോടെ നാലു പേരോടൊപ്പം മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോവുകയും അവിടെയുള്ള കാന്റീനിൽ ചെന്ന് ചായ കുടിക്കുകയും ചെയ്തു.
പിന്നീട് യുവാവ് ജനറൽ ആശുപത്രിയിൽ എത്തി പരിശോധനയ്ക്ക് വിധേയനായി. ജനറൽ ആശുപത്രിയിൽ നിന്ന് രക്തവും സ്രവവും എടുത്ത ശേഷം അഞ്ചു മണിക്കൂർ സമയം അവിടെ നിരീക്ഷണത്തിൽ കഴിഞ്ഞു. ഉച്ചയ്ക്ക് ഒരുമണിയോടെ ബേവിഞ്ചയിലെ ബന്ധു വീട്ടിലേക്ക് പോയി. ഇതിനുശേഷം 1.30 മണിയോടെ വീട്ടിൽ എത്തി അവിടെ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു എന്നാണ് റൂട്ട് മാപ്പിലെ വിശദവിവരങ്ങൾ.