കാസർകോട്: കൊറോണ ബാധിച്ച് ചികിത്സയിലുള്ള കാസർകോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ കുറച്ചുപേർ മാത്രമേ ഉള്ളൂവെന്ന് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത ബന്ധുക്കളായ രണ്ട് യുവാക്കളാണ് എയർപോർട്ടിൽ നിന്നും യുവാവിനെ കൂട്ടിക്കൊണ്ടു വരാൻ മംഗളൂരു വിമാനത്താവളത്തിലേക്ക് പോയത്. ഇവർ മാസ്‌ക് ധരിച്ചിരുന്നു. ഇവർ വഴിക്കൊന്നും നിർത്താതെ നേരെ കാസർകോട്ടേക്ക് എത്തുകയായിരുന്നു.
ആദ്യം കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തി രക്തസാമ്പിൾ നൽകി. ജനറൽ ആശുപത്രിയിൽ പരിശോധന നടത്തണമെന്ന് അറിയിച്ചതിനാൽ ഇവർ ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മറ്റൊരു സ്വകാര്യാശുപത്രിയിലെ ക്യാന്റീനിൽ കയറി ചായ കുടിച്ചിരുന്നു. ഇതിനുശേഷം ജനറൽ ആശുപത്രിയിൽ നിന്നുള്ള നിർദേശ പ്രകാരം വീട്ടിൽ ജാഗ്രതയോടെ കഴിയുകയായിരുന്നു. യുവാവിന്റെ പിതാവാണ് കൂടുതൽ സമ്പർക്കം പുലർത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. എയർപോർട്ടിലേക്ക് പോയ യുവാക്കളും നിരീക്ഷണത്തിലാണ്.
വിമാനത്തിൽ ഏറ്റവും പിറകിലുള്ള സീറ്റിലാണ് യുവാവ് യാത്ര ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിശ്വാസം. വിമാനത്തിൽ കളനാട് സ്വദേശിയുടെ തൊട്ട് മുന്നിലെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തവരുടെ വിവരങ്ങൾക്കായി മംഗളൂരു കളക്ടറുമായും ഡെപ്യൂട്ടി കമ്മിഷണറുമായും നിരന്തരം ബന്ധം പുലർത്തിവരുന്നുണ്ട്. തങ്ങളുടെ കൈയിലുള്ള ലിസ്റ്റ് കർണാടക അധികൃതർക്കും കർണാടക അധികൃതരുടെ കൈയിലുള്ള വിവരങ്ങൾ തങ്ങൾക്കും കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ കണ്ടെത്താനുള്ള അടിയന്തിര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.