കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ വനിതകൾ നടത്തുന്ന സ്ഥാപനത്തിനു നേരെ അക്രമം. കുടുംബശ്രീയുടെ സഹായത്തോടെ കണ്ണാടിച്ചാൽ റോഡിൽ പ്രവർത്തിക്കുന്ന വർണം ടെക്സ്റ്റയിൽസിനു നേരെയാണ് അക്രമമുണ്ടായത്. ഷോപ്പിന്റെ മുൻവശത്തെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അക്രമം. സമീപവാസികൾ എത്തുമ്പോഴേക്കും ആക്രമികൾ ഓടി രക്ഷപ്പെട്ടു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ വി.ഷിജിന, കെ.കെ.ഷീന എന്നിവർ ചേർന്നാണ് സ്ഥാപനം നടത്തിവന്നിരുന്നത്. യുവതികളുടെ പരാതിയിൽ കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.