കണ്ണൂർ: നഗരത്തിന്റെ ഹൃദയഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ കവർച്ച. സംഭവത്തിൽ

രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ ഓട്ടോഡ്രൈവർമാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.വയനാട് കോറോം വെള്ളമുണ്ടയിലെ കേളോത്ത് വീട്ടിൽ കെ.ഫൈസൽ (38) ഒപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്.

ശബ്ദം കേട്ട് സമീപത്തെ കടവരാന്തയിൽ ഉറങ്ങുന്നവർ ബഹളം വച്ചതിനെ തുടർന്നാണ് സമീപത്ത് നിന്ന് ഓടിയെത്തിയ ഓട്ടോഡ്രൈവർമാർ ഇരുവരെയും പിടികൂടിയത്.സിറ്റി സെന്റർ കെട്ടിടത്തിന്റെ പിറകുവശത്തെ പാപ്പാസ് കോംപ്ലക്‌സിലെ ആറോളം കടകളുടെ ഷട്ടർ പൊളിച്ചാണ് കവർച്ച നടത്തിയത്. നടാലിലെ ഇഹാത്തുള്ളയുടെ ഉടമസ്ഥതയിലുള്ള സെവൻഡൈയ്‌സ് എന്ന ഷൂ ആൻഡ് ബാഗ് കട, നാറാത്തെ സിറാജിന്റെ ഗൾഫ് ഡിജിറ്റൽസ് ഷോപ്പ്, സക്കറിയയുടെ മൊബൈൽകെയർ, ടി മൊബൈൽ കമ്യൂണിക്കേഷൻ, ഷാന്റോവിന്റെ ഉടമസ്ഥതയിലുള്ള ഡിവോയ്‌സ് ബ്യൂട്ടി പാർലർ, ആരാധന ജ്വല്ലറിയുടെ ഓഫീസ്, ഫോർട്ട് റോഡ്പ്ലാസ ജംഗ്ഷനിലെ എ വൺ ഹോട്ടൽ എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകർത്ത് ഷട്ടർ തിക്കിപ്പൊട്ടിച്ച് മുകളിലേക്ക് ഉയർത്തിയാണ് അകത്ത് കടന്നത്. സെവൻഡെയ്‌സിൽ നിന്ന് പണവും മൊബൈൽ ഫോൺ കടകളിൽ നിന്ന് ഫോണുകളും പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി.അവസാനമായി കയറിയ എ വൺ ഹോട്ടലിന്റെ പൂട്ട് തകർത്ത് രണ്ടായിരത്തോളം രൂപ കവർച്ച നടത്തി. ഫൈസലിനെ കോടതിയിലും പ്രായപൂർത്തിയാകാത്ത ബാലനെ ജുവൈനൽ കോടതിയിലും ഹാജരാക്കി.