118 പേർ വീടുകളിൽ നിരീക്ഷണത്തിൽ;

ആർക്കും രോഗലക്ഷണമില്ല

ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിൽ കൂടി ഐസോലേഷൻ വാർഡ് സൗകര്യം ഏർപ്പെടുത്തും.

പുറത്തു നിന്ന് വരുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്നുണ്ട്.

പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ

പയ്യന്നൂർ: നഗരസഭാ പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ആർക്കും രോഗലക്ഷണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ കൗൺസിൽ യോഗത്തെ അറിയിച്ചു. വിദേശങ്ങളിൽ നിന്നും ദീർഘദൂര യാത്ര കഴിഞ്ഞും വന്നവരാണ് മുൻകരുതൽ നടപടി എന്ന നിലയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. 44 വാർഡുകളിലും വാർഡ് കൗൺസിലർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർ എന്നിവരടങ്ങിയ ടീം ഓരോ വീടും സന്ദർശിച്ച് ആരോഗ്യ വകുപ്പിന്റെ മുൻ കരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

രോഗബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ചികിത്സിക്കുന്നതിന് എല്ലാ സൗകര്യങ്ങളും പയ്യന്നുർ താലൂക്ക് ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്.

കൊറോണ രോഗ വ്യാപനത്തിനെതിരെ അധികൃതർ സ്വീകരിക്കുന്ന നടപടികൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ പ്രതിപക്ഷ നേതാവ് പി.പി.ദാമോദരൻ വാഗ്ദാനം ചെയ്തു. ടൗണിൽ ചില സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.സംസ്ഥാന സർക്കാറിന്റെ കായ കൽപ്പം പുരസ്കാരം നേടിയ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും കൗൺസിൽ യോഗം അനുമോദിച്ചു.

കുടിവെള്ള ക്ഷാമം മുൻകൂട്ടി കണ്ട് പൈപ്പ് കണക്‌ഷൻ നൽകുവാൻ വേണ്ട സൗകര്യങ്ങൾ ചെയ്യണമെന്ന് ധാരണയായി. പൈപ്പ് ലൈൻ കടന്ന് പോകുന്ന സ്ഥലങ്ങളിൽ ഭാവിയിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ഉണ്ടാകില്ലെന്നും ആവശ്യമുള്ളവർ മുൻകൂട്ടി പൈപ്പ് ലൈൻ കണക്‌ഷൻ എടുക്കണമെന്നും ചെയർമാൻ പറഞ്ഞു. പെരുമ്പ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ പൂർത്തിയായ യാർഡിൽ താത്കാലിക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ചലച്ചിത്ര വികസന കോർപ്പറേഷൻ പുതിയ ബസ് സ്റ്റാൻഡിനടുത്ത് നിർമ്മിക്കുന്ന സിനിമാ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം പിന്നീട് നടത്തുമെന്നും ചെയർമാൻ അറിയിച്ചു.