തളിപ്പറമ്പ് : പരിയാരം ഗ്രാമ പഞ്ചായത്തിൽ സമൃദ്ധി സംരംഭങ്ങൾക്കും ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയ ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് കെ.വി.രമ അവതരിപ്പിച്ചു. എം.എൽ.എ ഫണ്ടിനെ കുറിച്ച് എടുത്ത് പറഞ്ഞ് അവതരിപ്പിച്ച ബഡ്‌ജറ്റിൽ കെ സുധാകരൻ എം.പി. അനുവദിച്ച ഫണ്ടിനെ കുറിച്ച് പറയാതിരുന്നത് രാഷ്ട്രീയ വിവേചനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കാർഷിക - ഭവന പദ്ധതികൾക്ക് നീക്കിവെച്ച തുക അപര്യാപ്തമാണെന്ന് പ്രതിപക്ഷ അംഗം പി. വി. സജീവൻ കുറ്റപ്പെടുത്തി. പഞ്ചായത്തിൻ്റെ അഭിമാന പദ്ധതിയായി ഉയർത്തിപ്പിടിക്കുന്ന കാൻസർ നിയന്ത്രിത ഗ്രാമം പദ്ധതിക്ക് അനുവദിച്ച തുക വളരെ കുറവാണെന്ന് പ്രതിപക്ഷാഗം പി. സാജിദ അഭിപ്രായപ്പെട്ടു.
ബഡ്‌ജറ്റ് അവതരണത്തിൽ രാഷ്ട്രീയ പക്ഷപാതം കാണിച്ചുവെന്ന വാദം തെറ്റാണെന്ന് അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അംഗങ്ങളുടെ ഭാഗത്തു നിന്ന് വന്ന നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം മറുപടി നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. രഘു, പഞ്ചായത്തംഗങ്ങളായ പി. വി. ഗോപാലൻ, ഇ.വി.ശശിധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി വി.പി.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
വരവ് 32.14 കോടി
ചെലവ് 31. 75 കോടി
ഉത്പാദനമേഖലയിൽ 1. 34 കോടി
വിവിധ പദ്ധതികൾക്ക്
കാർബൺ ന്യൂട്രൽ ഗ്രാമം 5 ലക്ഷം
കാൻസർ നിയന്ത്രിത ഗാമം 5 ലക്ഷം
കൃഷി-മൃഗസംരക്ഷണ മേഖല 1.11കോടി
പൊതു ആരോഗ്യ പരിപാടി 20ലക്ഷം
പാതയോരം - ഹരിതയോരം 12 ലക്ഷം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 26 ലക്ഷം
ശിശു-വയോജന- ഭിന്നശേഷി 50 ലക്ഷം
പൊതുശുചിത്വം 10 ലക്ഷം
പട്ടികജാതി- പട്ടികവർഗ വികസനം 38,36,000
അടിസ്ഥാന സൗകര്യ വികസനം 5 . 70 കോടി