കാഞ്ഞങ്ങാട്: ഓഖി ദുരന്തത്തിൽ മീൻപിടിത്ത ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക്, ഫിഷറീസ് വകുപ്പും മത്സ്യഫെഡും നടപ്പിലാക്കുന്ന ഓഖി പുനരധിവാസ പദ്ധതി പ്രകാരം 6.7 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബി. സുരേശൻ ലീഡറായ നാലംഗമത്സ്യബന്ധന ഗ്രൂപ്പിനാണ് കാഞ്ഞങ്ങാട്, ഹൊസ്ദുർഗ്, പള്ളിക്കര, മത്സ്യത്തൊഴിലാളി സംഘത്തിൽ മീൻ പിടുത്ത ഉപകരണങ്ങൾ നൽകിയത്.
2017 നവംബർ 30ന് ഉണ്ടായ ഓഖി ദുരന്തത്തിൽ സുരേശൻ ലീഡറായുള്ള ഗ്രൂപ്പിലെ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മീൻപിടിത്ത യാനവും ഉപകരണങ്ങളും പൂർണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിതരണപരിപാടിയിൽ സംഘം പ്രസിഡന്റ് അഡ്വ. പ്രദീപ് ലാൽ അധ്യക്ഷനായി. മത്സ്യഫെഡ് ജില്ലാ മാനേജർ ഇൻ ചാർജ് കെ.എച്ച്. ഷെരീഫ് ഉപകരണങ്ങൾ വിതരണം ചെയ്തു. ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസർ എം. ചന്ദ്രൻ സംസാരിച്ചു. ഹൊസ്ദുർഗ്, പള്ളിക്കര, സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ.പി ഗണേശൻ സ്വാഗതവും ക്ലസ്റ്റർ പ്രൊജക്ട് ഓഫീസർ സെഫ്രിൻ നന്ദിയും പറഞ്ഞു.