ചെറുവത്തൂർ: ജില്ലയിൽ ഒരു കൊറോണ ബാധ കൂടി റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ചെറുവത്തൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അടിയന്തര അവലോകന യോഗം വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്ന എല്ലാ പൊതുപരിപാടികളും ഒഴിവാക്കാൻ ആവശ്യമായ കർശന നിർദ്ദേശം നൽകാൻ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തി. ഹോം ഐസൊലേഷനിൽ ഉള്ള മുഴുവൻ പേർക്കും ആവശ്യമായ നിർദ്ദേശങ്ങളും ബോധവൽക്കരണവും ശക്തിപ്പെടുത്തും.
മടക്കര ഹാർബറിൽ മത്സ്യ ബന്ധനത്തിൽ ആൾക്കൂട്ടം ഒത്തുചേരുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്ക പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് പ്രശ്നം ചർച്ച ചെയ്യുകയും വിദഗ്ധ മെഡിക്കൽ സംഘം ഹാർബർ സന്ദർശിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
7000 ബോധവൽക്കരണ ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്തു. ട്രെയിനിൽ എത്തുന്ന യാത്രികർക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാനും സ്ക്രീനിംഗ് നടത്താനും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ഡസ്ക് ആരംഭിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഡി.ജെ. രമേഷ് ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ രാമകില്ലാടി മീണ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി. അജിത്ത് കുമാർ., പി.ടി. മോഹനൻ, പി.വി. മഹേഷ് കുമാർ, പി.കെ. ഉണ്ണികൃഷ്ണൻ, റോസമ്മ, പി.വി. രമ്യ എന്നിവർ നേതൃത്വം നൽകി
ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ഹെൽപ്പ് ഡസ്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു