മാഹി: ഉംറ കഴിഞ്ഞെത്തിയ 64കാരിയിൽ കൊറോണ സ്ഥിരീകരിച്ചതോടെ മാഹിയും അതിജാഗ്രതയിലേക്ക്. ഇവരോട് അടുത്തിടപഴകയിലവരടക്കം 79പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്.

ഉംറ കഴിഞ്ഞെത്തിയ ഇവർ അയൽപക്കത്തുള്ളവരോടും ബന്ധുക്കളോടും അടുത്തിടപഴകിയിരുന്നു.ഇതിന് പുറമെ ആദ്യചികിത്സ തേടിയ ചാലക്കര രാജീവ് ഗാന്ധി ആയുവേദ കോളേജ് , മാഹി ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ഇവരുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിലായിട്ടുണ്ട്.
കോറോണ സ്ഥിരീകരിച്ചതോടെ മാഹി ഗവ: ജനറൽ ആശുപത്രിയിൽ പ്രത്യേക വാർഡും പ്രത്യേക ആംബുലൻസും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ആവശ്യമായ ഗ്ലൗസും മാസ്‌കും നൽകിയിട്ടുണ്ട്. ടോയ്ലറ്റുകളും വാർഡുകളുമെല്ലാം പ്രത്യേകം ശുചീകരിക്കുന്നുണ്ട്. ബാറുകൾ അടച്ചുവെങ്കിലും റീട്ടെയിൽ കൗണ്ടറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മദ്യഷാപ്പ് ജീവനക്കാർക്ക് മാസ്‌ക് പോലും നൽകിയിട്ടില്ല.
അതിനിടെ പൊലീസ് പരിശോധനകൾ കർശനമാക്കിയതോടെ മാഹിയിലെ പല ഭാഗങ്ങളിലും കൂട്ടമായി താമസിക്കുന്ന മറുനാടൻ തൊഴിലാളികൾ സ്ഥലം വിട്ടുതുടങ്ങി.തലശ്ശേരിയിലും മാഹി മേഖലയിലും പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.റോഡിൽ വാഹനത്തിരക്കും കുറവാണ്. ഗതാഗതക്കുരുക്കൊഴിയാത്ത മാഹി ,​തലശ്ശേരി നഗരങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡ് വിജനമാണ്.പല കടകളും അടഞ്ഞുകിടപ്പാണ്. ചുരുക്കം ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ കുറവാണ്. മാളുകൾ തൊട്ട് ബാർബർഷാപ്പുകളിൽ വരെ ആളില്ല . മയ്യഴി ആരോഗ്യമേഖല ആവശ്യത്തിനുള്ള മരുന്നും,സുരക്ഷാ ഉപകരണങ്ങളും വാങ്ങാൻ ആവശ്യത്തിന് പണമില്ലാതെ വലയുകയാണ്.
പ്രശ്നത്തെ ഗൗരവമായിക്കണ്ട് പുതുച്ചേരി ആരോഗ്യ മന്ത്രി എത്രയും പെട്ടെന്ന് മാഹി സന്ദർശിച്ച് അടിയന്തിര പ്രതിരോധ നടപടികൾക്ക് മേൽനോട്ടം വഹിക്കണമെന്നും പുതുച്ചേരിയിൽ നിന്ന് വിദഗ്ധ സംഘത്തെ ഉടൻ മാഹിയിലെത്തിക്കണമെന്നും ജനശബ്ദം മാഹി ഭാരവാഹികൾ പുതുച്ചേരി മുഖ്യമന്ത്രിയോടും ലഫ്.ഗവർണ്ണരോടും ആവശ്യപ്പെട്ടു.