പിലിക്കോട്: സമഗ്ര ഗ്രാമവികസനത്തിന് പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടുള്ള പിലിക്കോട് ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശൈലജ അവതരിപ്പിച്ചു. 22,61,92,680 രൂപ വരവും 21,56,69,232 രൂപ ചെലവും 1,05,23,448 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

കായിക വികസനം, പുരപ്പുറ സോളാർ പദ്ധതി, ഒരു വർഷം 1000 വീടുകളിൽ മഴവെള്ള റീചാർജ് ഉൾപ്പെടെ നൂതന പദ്ധതികൾക്ക് ഊന്നൽ നൽകുന്നു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2.35 കോടി രൂപ ലഭ്യമാക്കിയാണ് കാലിക്കടവ് മൈതാനം മിനി സ്റ്റേഡിയം വികസന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

'തണ്ണീർയാനം' - സമഗ്ര മണ്ണ് ജല സംരക്ഷണ ജനകീയ പദ്ധതി, സമ്പൂർണ്ണ മഴവെള്ള റീചാർജ് - ജലസ്രോതസ്സുകളുടെ പരിസ്ഥിതി സൗഹൃദ സംരക്ഷണം, കേരഗ്രാമം - തെങ്ങ് വികസനം, ഹരിതം പിലിക്കോട് - പച്ചക്കറി വികസനം, തരിശുരഹിതഗ്രാമം - നെൽകൃഷി വികസനം, ഹരിതം - മഞ്ഞൾ, ഹരിതം - പയർപാടം, നല്ലമണ്ണ് - ജനകീയ പോഷണം തുടങ്ങിയവ പിലിക്കോടിന്റെ തനത് പദ്ധതികളാണ്.

പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം, ആനിക്കാടി, വെള്ളച്ചാൽ, കോലാർകണ്ടം, പാറ മൈതാന വികസനം, മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കയർ ഭൂവസ്ത്രം- പഞ്ചായത്തിലെ മുഴുവൻ തോടുകളിലും പാർശ്വഭിത്തി- ജൈവ സംരക്ഷണം തുടങ്ങിയവ നടപ്പാക്കും. ഉല്പാദനം, സേവനം, പശ്ചാത്തലം, പട്ടികജാതി - വർഗ്ഗ വികസന പദ്ധതികൾക്കും ബഡ്ജറ്റിൽ അർഹമായ പരിഗണനയുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പദ്ധതികൾക്കും മുൻഗണന നൽകിയിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. കുഞ്ഞിരാമൻ, എം.ടി.പി. മൈമൂനത്ത്, കെ. ദാമോദരൻ, അംഗങ്ങളായ വി.പി. രാജീവൻ, പി.വി. കൃഷ്ണൻ, സെക്രട്ടറി കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു.