തലശ്ശേരി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തലശ്ശേരിമേഖലയിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്ഥലം വിട്ടു. കേരളത്തിൽ രോഗംപടർന്നുപിടിക്കുകയാണെന്ന വ്യാപക പ്രചരണത്തെ തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ നഗരത്തിലെ ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലായിട്ടുണ്ട്.
തലശ്ശേരി ടൗണിൽ തരക്കേടില്ലാത്ത കച്ചവടം നടക്കുന്ന ഒരു ഹോട്ടലിൽ നിന്ന് 18 ഇതര സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് നാടുവിട്ടത്. മാഹിയിലെ ഒരു പ്രമുഖ ഹോട്ടലിൽ നിന്നും ഒരു ഡസൻ തൊഴിലാളികളും യാത്ര പറഞ്ഞിറങ്ങി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പകുതിയിലധികം തൊഴിലാളികൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. ശേഷിക്കുന്നവരും നാട്ടിലേക്ക് മടങ്ങാനുളള ആലോചനയിലാണ്. ബംഗാളിലെ കാന്തി, കോണ്ടായി, ദിഘ, കരഘ്പൂൽ മേഖലകളിലെയും, ഭോപ്പാലിലെയും യുവാക്കളാണ് ജില്ലയിലെ വിവിധ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ജോലി ചെയ്യുന്നത്. ഹോട്ടൽ, ബേക്കറി, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലാണ് ഭൂരിഭാഗവും തൊഴിലെടുക്കുന്നത്. ഇതിന് പുറമെ കെട്ടിട നിർമാണ മേഖലയിലും ഇവരുടെ ആധിക്യമുണ്ട്. തൊഴിൽ സ്ഥാപനങ്ങളിലെ ഉടമകളെ അറിയിക്കാതെയാണ് പലരും നാട്ടിലേക്ക് മടങ്ങിയത്.
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലെ റെയിൽേവ സ്റ്റേഷനുകളിൽ നിന്ന് ഞായർ, തിങ്കൾ ദിവസങ്ങളിൽ ട്രെയിനിൽ കയറാ നെത്തിയവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ അത്യാവശ്യമുളള സാധനങ്ങൾ കൈയിൽ കരുതിയാണ് പലരും ട്രെയിനിൽ കയറിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് ഭീതി കെട്ടടങ്ങിയാൽ പോയവരെല്ലാം പഴയ ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തുമെന്നാണ് തലശ്ശേരിയിൽ ഹോട്ടൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി അമീറിന്റെ പ്രതികരണം. നാട്ടിലേക്ക് പോകുന്നത് അറിയിക്കാതെയാണ് പലരും ലഗേജുമായി സ്ഥലം വിട്ടത്. ഉടമകൾ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുേമ്പാൾ പ്രതികരണമില്ല. പലരും ഫോൺ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. ആശങ്കയിലായ സ്വദേശത്തുള്ള ബന്ധുക്കളുടെ നിരന്തരമായ സമ്മർദ്ദങ്ങളും കൂട്ട പലായനത്തിന് പിന്നിലെ പ്രേരണാഘടകമാണ് നിർമ്മാണമേഖല പാടേ നിലച്ചിരിക്കുകയാണ്. ഇവർ കൂട്ടത്തോടെ താമസിക്കുന്ന കെട്ടിടങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡുകളും ഇവരെ ഭീതിയിലാഴ്ത്തിിയിരുന്നു.