പെരിയ( കാസർകോട്): പുല്ലൂർ പെരിയ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ചാലിങ്കാലിലെ സി കെ അരവിന്ദന് (48 ) നേരെ ആക്രമണം. അരക്കെട്ടിന് താഴെയുള്ള ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറു മണിയോടെ പെരിയ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് സംഭവം. ഓട്ടോ ഡ്രൈവറും സി പി എം അനുഭാവിയുമായ അശോകനാണ് അരവിന്ദനെ ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ വിരോധമാണ് അക്രമത്തിന് കാരണമെന്നും സി പി എം കേന്ദ്രങ്ങൾ പറഞ്ഞു. വോട്ടർ പട്ടികയുടെ ഹിയറിംഗുമായി ബന്ധപെട്ടു പഞ്ചായത്ത് ഓഫീസിൽ അരവിന്ദൻ കഴിഞ്ഞ ദിവസം വരെ സജീവമായിരുന്നു. ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഓഫീസിൽ എത്തിയ അരവിന്ദൻ പുറത്തിറങ്ങുമ്പോൾ അവിടെയെത്തിയ അശോകൻ കോളറ പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. പ്രതികരിക്കാതെ സ്വന്തം സ്കൂട്ടർ എടുത്തു പോകാൻ നോക്കിയപ്പോൾ അരവിന്ദന്റെ മുകളിലേക്ക് സ്കൂട്ടർ ചവിട്ടി വീഴ്ത്തുകയും ചെയ്തുവെന്ന് പറയുന്നു. സ്കൂട്ടർ അടക്കം ചെരിഞ്ഞുവീണ അരവിന്ദന്റെ തുടയെല്ല് പൊട്ടുകയായിരുന്നു. ഉടൻ തന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് രാത്രിയോടെ മംഗളുരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അരവിന്ദന് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ അപലപിച്ചു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.